9,531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍
കൊച്ചി: എംഎസ്സി എല്‍സ-3 കപ്പൽ മുങ്ങിയ സംഭവത്തിൽ 9,531 കോടി രൂപ നഷ്ടപരിഹാരം തേടി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ.
മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിക്കെതിരെ നല്‍കിയ അഡ്മിറാലിറ്റി സ്യൂട്ടില്‍ എംഎസ്സിയുടെ കപ്പല്‍ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
എംഎസ്സിയുടെ അകിറ്റെറ്റ-2 അറസ്റ്റ് ചെയ്യാനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. അകിറ്റെറ്റ 2 വിഴിഞ്ഞം തുറമുഖം വിടുന്നതും ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.
പരിസ്ഥിതി – സമുദ്രോത്പന്ന നഷ്ടം ഉന്നയിച്ച് സർക്കാർ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എം എ അബ്ദുല്‍ ഹക്കിം അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
കപ്പല്‍ അപകടത്തിലൂടെ സംസ്ഥാനത്തിന് പരിസ്ഥിതി-ജൈവ ആവാസ വ്യവസ്ഥയില്‍ കനത്ത നാശനഷ്ടമുണ്ടായിയെന്നാണ് ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാർ ചൂണ്ടിക്കാട്ടുന്നത്.
സാമ്പത്തിക – മത്സ്യബന്ധന മേഖലകളെയും ബാധിച്ചുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പറയുന്നു. 2017ലെ അഡ്മിറാലിറ്റി നിയമം അനുസരിച്ച് നഷ്ടപരിഹാരം ലഭ്യമാക്കാനായി ഹൈക്കോടതി അധികാരം ഉപയോഗിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാർ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ മെയ് 25നായിരുന്നു കപ്പൽ അപകടമുണ്ടായത്. തോട്ടപ്പള്ളിയില്‍ നിന്ന് 13 നോട്ടിക്കല്‍ മൈല്‍ അകലെ എംഎസ്സി എല്‍സ ത്രീ കപ്പൽ മുങ്ങിയത്.
കൊച്ചിയിൽ കത്തിയമർന്ന കപ്പൽ ആഫ്രിക്കയിലേക്ക്!
കൊച്ചി: കഴിഞ്ഞമാസം 9നാണ് കേരളാ തീരത്തിന് സമീപം വച്ച് സിംഗപ്പൂർ കപ്പലായ വാൻഹായ് 503ന് തീ പിടിച്ചത്.
തീ അണക്കാനുള്ള ശ്രമങ്ങൾ ഉടനടി തുടങ്ങിയിരുന്നു. അഡ്വാന്റിസ് വിർഗോ ടഗ്ഗിൻ്റെ സഹായത്തോടെയാണ് തീയണക്കാനുള്ള തീവ്ര ശ്രമങ്ങൾ നടന്നത്.
ഇതിനകം തീ അണയ്ക്കാൻ മാത്രം 12,000 ലിറ്ററോളം രാസമിശ്രിതം ഉപയോഗിച്ചു. പക്ഷെ ഇന്നലെ കപ്പലിൽ നിന്നും വീണ്ടും തീ ഉയരുകയായിരുന്നു.
അതോടെ കപ്പലിനെ ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്തേക്ക് വലിച്ചുകൊണ്ടുപോകാനുള്ള നീക്കം താത്കാലികമായി നിർത്തിവച്ചു.
ആഫ്രിക്കൻ രാജ്യങ്ങളിലെ ഏതെങ്കിലും ഒരു തുറമുഖത്തേക്ക് കപ്പലിനെ മാറ്റുന്നതിനെക്കുറിച്ചാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് ഇപ്പോൾ ആലോചിക്കുന്നത്.
കപ്പലിലെ 157 കണ്ടെയ്നറുകളിൽ അപകടകരമായ വസ്‌തുക്കളുണ്ടെന്നായിരുന്നു പുറത്തു വന്ന വിവരം.
വിവിധ തരം ആസിഡുകൾ, ലിഥിയം ബാറ്ററികൾ, ഗൺ പൗഡർ, ടർപെന്റൈൻ അടക്കം തീപിടിത്തത്തിന് സാധ്യതയുള്ള വസ്‌തുക്കളും കണ്ടെയ്നറുകളിലുണ്ട്.
എന്നാൽ കണ്ടെയിനറുകളിൽ എന്താണ് സൂക്ഷിച്ചിരിക്കുന്നതെന്ന കാര്യം കമ്പനി ഇതുവരെയും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
കപ്പലിലെ 243 കണ്ടെയ്‌നറുകളിൽ വെളിപ്പെടുത്താത്ത ചില വസ്തുക്കൾ ഉള്ളതായാണ് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ കണ്ടെത്തൽ.
രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടും ഇടയ്ക്കിടെ തീപിടിത്തമുണ്ടാകുന്നത് ഇതു മൂലമാണെന്നാണ് വിദഗ്ദരുടെ നിഗമനം.
ഇത്തരം വസ്‌തുക്കൾ വന്നത് കപ്പൽക്കമ്പനിയുടെ അറിവോടെയല്ലെന്നാണ് സൂചന.
വാൻ ഹായ് കപ്പൽ ബുധനാഴ്ച രാത്രി ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖല കടന്നിരുന്നു.
ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖലയായ 200 നോട്ടിക്കൽ മൈലിന് 3.5 നോട്ടിക്കൽ മൈൽ തെക്കാണ് ഇപ്പോൾ കപ്പലിൻറെ സ്ഥാനം.
Summary: MSC ELSA-3 ship sinking incident, the Kerala state government has filed a claim of ₹9,531 crore in the High Court. An admiralty suit was filed against Mediterranean Shipping Company (MSC), and the High Court has issued an interim order to arrest the vessel.