പരിയാരം മെഡിക്കൽ കോളേജ് ‘വെന്റിലേറ്ററി’ൽ
കണ്ണൂർ: കോട്ടയം മെഡിക്കൽ കോളേജിലെ അപകടം ഞെട്ടലോടെയാണ് ജനം വായിച്ചറിഞ്ഞത്. അധികൃതരുടെ അനാസ്ഥ മൂലം പൊലിഞ്ഞത് ബിന്ദു എന്ന വീട്ടമ്മയുടെ ജീവിതമാണ്. പത്തും ഇരുപതുമല്ല 68 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നടിഞ്ഞത്.
ഇത് കേരളത്തിലെ ഒരു ജില്ലയിലെ മാത്രം സ്ഥിതിയല്ല. കോട്ടയം മെഡിക്കൽ കോളേജിനേക്കാൾ പരിതാപകരമാണ് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിന്റെ സ്ഥിതി. 75 വർഷം പഴക്കമുള്ള ഓടിട്ട കെട്ടിടമാണ് ഇവിടെ വിദ്യാർത്ഥികൾക്ക് ഹോസ്റ്റലായി ഉപയോഗിക്കുന്നത്.
ഓടിളകി തലയിൽ വീഴല്ലേ എന്ന പ്രാർത്ഥനയിലാണ് ഇവിടെ താമസിക്കുന്നവർ. വിദ്യാർഥികളുടെ ഹോസ്റ്റലിനു പുറമെ ജീവനക്കാരുടെ ക്വാർട്ടേഴ്സായും ലൈബ്രറിയായും ഈ കെട്ടിടം ഉപയോഗിക്കുന്നുണ്ട്.
ടിബി ആശുപത്രിയുടെ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നഴ്സിങ് കോളജിന്റെ ലൈബ്രറി കെട്ടിടം കഴിഞ്ഞമാസം മഴയിൽ തകർന്നു വീണിരുന്നു. 1950ൽ ടിബി ആശുപത്രിക്കായി നിർമിച്ച കെട്ടിടങ്ങളാണ് ഹോസ്റ്റലായി ഉപയോഗിച്ചിരുന്നത്.
ജീവനക്കാർ താമസിക്കുന്ന പല ക്വാർട്ടേഴ്സും ഏതു സമയത്തും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. പ്ലാസ്റ്റിക് ഷീറ്റ് ഓടിന്റെ മുകളിൽ വിരിച്ചാണ് ഇവിടെ മഴക്കാലത്ത് ചോർച്ച തടയുന്നത്.
വിവിധ ചികിത്സാ പദ്ധതിയിൽ ചെലവിട്ട വകയിൽ സർക്കാരിൽ നിന്നും മെഡിക്കൽ കോളജിന് ലഭിക്കാനുള്ളത് 110 കോടി രൂപയാണ്. മരുന്നു കമ്പനിക്കാർക്കു പണം നൽകാൻ കഴിയാത്തതിനാൽ മരുന്നു വിതരണവും നിലക്കുന്ന അവസ്ഥയിലാണ്.
നോക്കു കുത്തികളായി ലിഫ്റ്റുകൾ
എട്ടു നിലകളാണ് ആശുപത്രി സമുച്ചയത്തില്‍ ഉള്ളത്. എന്നാൽ ഇവിടെ പുതുതായി സ്ഥാപിച്ച നാലു ലിഫ്റ്റുകളും അടിക്കടി പ്രവർത്തനരഹിതമാകും.
സർക്കാർ ഏറ്റെടുത്തതിന് ശേഷം ആശുപത്രിയിൽ മൂന്ന് വർഷം മുമ്പ് 40 കോടി രൂപയുടെ നവീകരണ പ്രവർത്തികൾ ആണ് തുടങ്ങിയിരുന്നത്. ഇതിലുൾപ്പെടുത്തി നിർമിച്ച ലിഫ്റ്റുകളാണ് അടിക്കടി കേടാകുന്നത്.
സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾ താഴത്തെ നിലയിലാണ് പ്രവർത്തിക്കുന്നത്. ലിഫ്റ്റ് തകരാറിലാകുന്നതോടെ പടിയിറങ്ങി വേണം രോഗികൾ താഴത്തെ നിലയിൽ എത്താൻ. ഇനി കേടായിക്കിടക്കുന്ന ലിഫ്റ്റ് നന്നാക്കിയാലും ഏതാനും ദിവസം കഴിയുമ്പോൾ വീണ്ടും കേടാകും.
രണ്ടു മാസത്തിനുള്ളിൽ 10 ലിഫ്റ്റുകൾ പ്രവർത്തന ക്ഷമമാകുമെന്ന് ആണ് സൂപ്രണ്ട് ഡോ. കെ. സുദീപ്‍ പറയുന്നത്.
ഫോണിന്റെ വെളിച്ചത്തിൽ രോഗികളെ പരിശോധിച്ച് ഡോക്ടർ
അതേസമയം ആശുപത്രിയിൽ മൂന്നു ഫാർമസികളുണ്ടെങ്കിലും മരുന്നു വാങ്ങണമെങ്കിൽ പുറത്തെ മെഡിക്കൽ ഷോപ്പിൽ പോകണം. ഇരുപതു ലക്ഷം ചെലവിട്ടു നവീകരിച്ച കെട്ടിടമുണ്ടായിട്ടും ഫലമില്ല. മരുന്നുകൾ ആശുപത്രി വരാന്തയിൽ കെട്ടിക്കിടക്കുകയാണ്.
പ്രത്യേക ഊഷ്മാവിൽ സൂക്ഷിക്കേണ്ട മരുന്നുകളടക്കമാണ് ഈർപ്പമടിച്ച് വരാന്തയിൽ കെട്ടിക്കിടക്കുന്നത് കാണാം. ആശുപത്രി ഫാർമസിയിൽ എസി ശരിയായി പ്രവർത്തിക്കാത്തതും മരുന്നുകളുടെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
അത്യാവശ്യത്തിനുള്ള മരുന്നു പോലും ചിലപ്പോൾ ഫാർമസിയിൽ നിന്ന് ലഭിക്കാത്ത സാഹചര്യമാണ് എന്ന് രോഗികൾ പറയുന്നു.
ഗ്യാസ്ട്രോ വിഭാഗം അടച്ചുപൂട്ടി
ഗ്യാസ്ട്രോ സർജറി വിഭാഗം ഡോക്ടർമാരില്ലാത്തതിനാൽ അടച്ചുപൂട്ടിയിരിക്കുകയാണ്. സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സമയത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാൻസർ ചികിത്സാ വിഭാഗം, കാര്‍ഡിയോളജി, ഗ്യാസ്ട്രോ എൻട്രോളജി, പ്ലാസ്റ്റിക് സർജറി, ന്യൂറോ സർജറി തുടങ്ങിയ വിഭാഗവും ഡോക്ടർമാരുടെ കുറവ് മൂലം പ്രവര്‍ത്തനം താളംതെറ്റി.
കാര്‍ഡിയോളജി വിഭാഗത്തില്‍ അടിയന്തര പ്രാധാന്യമുള്ള സര്‍ജറികൾ മാത്രമാണ് നടത്തുന്നത്. മറ്റു സര്‍ജറികള്‍ക്ക് മാസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
കാൻസർ ചികിത്സയ്ക്ക് നിർണായകമായ കൊബാൾട്ട് തെറാപ്പി യന്ത്രം നാല് വർഷമായി പ്രവർത്തനരഹിതമാണ്. 2020ല്‍ പ്രവര്‍ത്തനരഹിതമായ കോബാള്‍ട്ട് തൊറാപ്പി മെഷീന് പകരം പുതിയത് വാങ്ങാൻ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ ഈ അടുത്ത് അംഗീകാരം നൽകിയിരുന്നു. എന്നാൽ യന്ത്രം എന്ന് വരുമെന്ന കാര്യവും അറിയില്ല.
എട്ട് ശസ്ത്രക്രിയകൾ ഒരേസമയം നടത്താവുന്ന ഓപ്പറേഷൻ തിയറ്ററിന്റെ പല ഭാഗങ്ങളും നവീകരണത്തിന്റെ ഭാഗമായി ആറ് മാസമായി അടച്ചിട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ നിലവിൽ ഒരേ സമയം രണ്ട് ശസ്ത്രക്രിയകൾ മാത്രമേ നടത്താൻ സാധിക്കുന്നുള്ളു.
കൂടാതെ സിടി സ്കാനിംഗ് മെഷീൻ ഇടയ്ക്കിടെ തകരാറിലാണ്. പുതിയ മെഷീൻ ഇതുവരെ ലഭ്യമാക്കിയിട്ടുമില്ല.
2500ൽ അധികം രോഗികൾ ദിവസവുമെത്തുന്ന പരിയാരം മെഡിക്കൽ കോളജിലെ ചില വിഭാഗത്തിൽ ഡോക്ടർമാർ 18 മണിക്കൂർ ജോലി ചെയ്തിട്ടുപോലും എല്ലാവർക്കും ചികിത്സ നൽകാൻ സാധിക്കാത്ത സാഹചര്യമാണ്.
Summary: The condition of Pariyaram Medical College in Kannur is reportedly worse than that of Kottayam Medical College. Students are currently staying in a 75-year-old building being used as a hostel.