കൊച്ചി: ഓച്ചന്തുരുത്ത് തപോവനം ഡയറക്ടറും നാട്ടറിവ് പ്രചാരകനും ചികിത്സകനുമായ മഹേഷ് മങ്ങാട്ടിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 61 വയസ്സായിരുന്നു. മൃതദേഹത്തിന് 2 ദിവസം പഴക്കമുണ്ട്.
അവിവാഹിതനായ മഹേഷ് തനിച്ചായിരുന്നു താമസിച്ചിരുന്നത്. വീടിനുപുറത്തേക്ക് കാണാത്തതിനെ തുടർന്നു അയൽക്കാർ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
ദേശീയ യുവജന അവാർഡ് ജേതാവാണ് അദ്ദേഹം. 15 വയസ്സിൽ യുറീക്കാ ബാലവേദിയിലൂടെയാണ് സാമൂഹിക സേവനത്തിനു തുടക്കമിട്ടത്. സാക്ഷരതാ ജില്ലാ കോഓർഡിനേറ്റർ, വനവൽക്കരണ പദ്ധതി ജില്ലാ കോഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കുറ്റിമുല്ലക്കൃഷി പ്രചരിപ്പിക്കുന്നതിന് മുൻകൈ എടുക്കുകയും ചെയ്തു.
നാട്ടറിവുകൾ ശേഖരിച്ചു പുതിയ തലമുറയ്ക്കു കൈമാറാൻ സംസ്ഥാന വ്യാപകമായി ഒട്ടേറെ ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്. പാരമ്പര്യ ചികിത്സയ്ക്കായി ജില്ലകൾ തോറും ക്യാംപുകൾ നടത്തി.
നാട്ടുവൈദ്യം, മുത്തശ്ശി വൈദ്യവിധികൾ വീട്ടിൽ പ്രയോഗിക്കാം, ആയുർവേദ ദർശനം, കംപ്യൂട്ടർ പഠിക്കൂ ജീവിതവിജയം നേടൂ, നാടൻപൂക്കളുടെ കൃഷിരീതികൾ തുടങ്ങി 12 പുസ്തകങ്ങൾ മഹേഷ് രചിച്ചു. ഓച്ചന്തുരുത്ത് ദിവാകരൻ– ശീലാവതി ദമ്പതിമാരുടെ മകനാണ്. സംസ്കാരം നടന്നു.