തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന് കേരളത്തിൽ വിവിധ ട്രെയിനുകള്‍ വൈകിയോടുന്നു . മൈസൂര്‍- തിരുവനന്തപുരം ട്രെയിൻ ഒന്നേകാല്‍ മണിക്കൂറാണ് വൈകിയോടുന്നത്.
കചെഗുഡ മുരുഡേശ്വര്‍ എക്‌സ്പ്രസ് 50 മിനിറ്റ്, ബംഗളൂരു- തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍ ഒന്നര മണിക്കൂര്‍, ഗോരഖ്പൂര്‍- തിരുവനന്തപുരം രപ്തിസാഗര്‍ എക്‌സ്പ്രസ് നാലരമണിക്കൂര്‍, ഗുരുവായൂര്‍- ചെന്നൈ എക്‌സ്പ്രസ് ഒരു മണിക്കൂര്‍ എന്നിങ്ങനെയാണ് വൈകിയോടുന്ന മറ്റു ട്രെയിനുകള്‍.
അതേ സമയംമഴക്കെടുതിയില്‍ ഇന്നലെ മാത്രം എട്ടുപേരാണ് മരിച്ചത്. നാലുപേരെ കാണാതായി. അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പുണ്ട്.
കുറഞ്ഞ സമയത്തിനുള്ളില്‍ പെയ്യുന്ന വലിയ മഴയാണ് അതിതീവ്രമഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴയ്ക്കു സാധ്യതയുണ്ട്.
ശക്തമായ കാറ്റും മിന്നലും മഴയ്ക്കൊപ്പം പ്രവചിക്കുന്നുണ്ട്. മണിക്കൂറില്‍ 50- 60 കിലോമീറ്റര്‍ വേഗമുള്ള കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞും അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത്എല്ലാ ജില്ലകളിലും ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കര്‍ണാടക തീരങ്ങളില്‍ ഇന്നും നാളെയും ലക്ഷദ്വീപ് തീരത്ത് 3 വരെയും മീന്‍പിടിത്തം പാടില്ല. കേരള തീരത്ത് 3 മുതല്‍ 3.9 മീറ്റര്‍ വരെ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.