ആലപ്പുഴ: വീട്ടുമുറ്റത്തെ കരിയില അടിച്ചുവാരി കത്തിക്കുന്നശീലം ഉപേക്ഷിക്കണമെന്നഅഭ്യർഥനയുമായി ശുചിത്വമിഷൻ.
നടപടിയെടുക്കാനല്ല, അഭ്യർഥനയാണ് ഇത്. പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും മാത്രമല്ല, കരിയിലയും കത്തിക്കരുതെന്നാണു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
നിർദേശം നേരത്തേയുള്ളതാണെങ്കിലും ഹരിതകർമസേന വഴി ഇക്കാര്യമിപ്പോൾ വീടുകളിൽ നേരിട്ട് തന്നെ ഇക്കാര്യം അറിയിച്ചുതുടങ്ങി.
കരിയില കത്തിക്കുന്നതിനെതിരേയുള്ള ബോധവത്കരണം ഊർജിതമാക്കാൻ ആലോചിക്കുന്നുണ്ടെന്ന് ശുചിത്വമിഷൻ അധികൃതർ അറിയിച്ചു.
കരിയില കത്തിക്കുന്നതും അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുമെന്നും കത്തിക്കുമ്പോൾ പുറത്തുവരുന്ന കണികാദ്രവ്യങ്ങൾ (പർട്ടിക്കുലേറ്റ് മാറ്റർ), കാർബൺ മോണോക്സൈഡ് വാതകം തുടങ്ങിയവ വായുമലിനീകരണത്തിനും ശ്വാസകോശ രോഗങ്ങൾക്കും ഇടയാക്കും.
എന്നാൽപ്ലാസ്റ്റിക് ശേഖരിക്കുന്നതുപോലെ വീടുകളിൽനിന്ന് കരിയിലയെടുക്കുന്ന സംവിധാനം സംസ്ഥാനത്തില്ല.
പൊതുസ്ഥലങ്ങളിലെ കരിയില, എയ്റോബിക് യൂണിറ്റുകളിലെത്തുന്ന മാലിന്യങ്ങൾ വളമാക്കി മാറ്റാൻ ഉപയോഗിക്കുന്നുണ്ട്.
വീടുകളിലെ കരിയിലയും ഇത്തരത്തിൽ പ്രയോജനപ്പെടുത്താനാണ് ശുചിത്വമിഷന്റെ പുതിയ നിർദേശം. പറമ്പുകളിൽ കുഴിയെടുത്ത് കരിയില സംഭരിച്ചാൽ ചുരുങ്ങിയത് 40 ദിവസംകൊണ്ട് വളമാക്കിമാറ്റാം.
കരിയില മണ്ണിൽച്ചേരുമ്പോൾ ഒട്ടേറെ മൂലകങ്ങളും മണ്ണിൽ ലയിക്കും. രണ്ടു കുഴികളുണ്ടെങ്കിൽ അത് മാറിമാറി സംഭരിക്കാം. എന്നാൽ, നഗരപ്രദേശങ്ങളിലെ വീടുകളിൽ ഇതിനുള്ള സൗകര്യമുണ്ടാകില്ലെന്നതാണു വലിയ വെല്ലുവിളി.
മാലിന്യപ്രശ്നത്തിൽ മുൻഗണനാക്രമം നിശ്ചയിച്ചാണ് ഇപ്പോൾ ബോധവത്കരണം നടത്തുന്നത്. പൊതുസ്ഥലങ്ങളിൽ കരിയില കത്തിച്ചാൽ 5,000 രൂപവരെയാണു പിഴ.
എന്നാൽ, വീടുകളിൽ ഇത് കത്തിക്കുന്നതിനു നിലവിൽ പിഴയില്ല. പരാതി കിട്ടിയാൽ അതനുസരിച്ചു നടപടിയെടുക്കുമെന്നു മാത്രം.