തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആണ് ഫലം പ്രഖ്യാപിച്ചത്. വിജയശതമാനം 77.81% ആണ്. മുൻ വർഷങ്ങളേക്കാൾ ഇത്തവണ വിജയശതമാനം കുറവാണ്.
കഴിഞ്ഞ വർഷം വിജയശതമാനം 78 .69 % ആയിരുന്നു. വിജയശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളമാണ്. വൈകിട്ട് 3.30 മുതൽ ഓൺലൈനിൽ ഫലം അറിയാം.
4,44,707 വിദ്യാർഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 26,178 പേരും പരീക്ഷ എഴുതി. വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ results.kite.kerala.gov.in, dhsekerala.gov.in, അല്ലെങ്കിൽ keralaresults.nic.in എന്നിവയിൽ നിന്ന് ഫലമറിയാം. ജൂൺ മുതൽ സേ പരീക്ഷ നടക്കും.
കഴിഞ്ഞ വർഷം ഹയർ സെക്കൻഡറി പരീക്ഷയിൽ 78.69 ശതമാനമായിരുന്നു വിജയം. 2012ലെ 88.08 ശതമാനമാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന വിജയശതമാനം. മാർച്ച് ആറു മുതൽ 29 വരെയായിരുന്നു പരീക്ഷ നടന്നത്.
മേയ് 21ന് ഫലം പ്രഖ്യാപിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും പിന്നീട് അത് മേയ് 22ലേക്ക് മാറ്റിയിരുന്നു. മെയ് 14 ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 22 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയവും ഇപ്പോൾ നടന്നു വരികയാണ്. 413581 വിദ്യാർത്ഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.
ടാബുലേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ മാസം പ്രസിദ്ധീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.