യുകെയിൽ വ്യാഴാഴ്ച നടന്ന പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്ത് മത്സരിച്ച് മിന്നും വിജയം സ്വന്തമാക്കി മലയാളി യുവാവ്. കൺസർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച എറണാകുളം അങ്കമാലി സ്വദേശി ലീഡോ ജോർജ് ആണ് മലയാളികൾക്ക് അഭിമാനമായി മികച്ചവിജയം നേടിയത്.
ശക്തമായ മത്സരത്തിനൊടുവിൽ 5 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലീഡോ വിജയിച്ചത്. കേംബ്രിജ്‌ഷയർ കൗണ്ടി കൗൺസിലിലെ ഹണ്ടിങ്‌ഡൺ ആൻഡ് ഹാറ്റ്ഫോഡ് വാർഡിൽ ആണ് ലീഡോ കൗൺസിലർ ആയി മത്സരിച്ചത്.
5 സ്ഥാനാർഥികൾ മത്സരിച്ച വാർഡിൽ ലീഡോ 703 വോട്ടുകൾ നേടി വിജയിച്ചപ്പോൾ രണ്ടാം സ്ഥാനത്ത് എത്തിയ ലിബറൽ ഡെമോക്രാറ്റിക്ക് സ്ഥാനാർഥി ജോ ഹാർവി 699 വോട്ടുകൾ നേടി.
ഇവിടെ റിഫോം യുകെ 687 വോട്ടുകളും ലേബർ പാർട്ടി 431 വോട്ടുകളും നേടി. ഗ്രീൻ പാർട്ടി 98 വോട്ടുകളും നേടി. ലീഡോ 2009 ലാണ് യുകെയിൽ എത്തുന്നത്. നഴ്സിങ് പഠനത്തിന് ശേഷം കെയറർ ആയി ജോലി ആരംഭിച്ച ലീഡോ ഒപ്പം പൊതുപ്രവർത്തനവും മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു.
കേംബ്രിജ്‌ഷയർ കൗണ്ടി കൗൺസിലിൽ 31 സീറ്റുകളിൽ വിജയിച്ച ലിബറൽ ഡെമോക്രാറ്റിക്ക് ആണ് ഭരണം നിയന്ത്രിക്കുക. ലീഡോ ഉൾപ്പടെ 10 പേരാണ് കൺസർവേറ്റീവ് പ്രതിനിധികളായി വിജയിച്ചത്. 2015 ൽ ടൗൺ കൗൺസിൽ കൗൺസിലർ, ഡിസ്ട്രിക്ട് കൗൺസിൽ കൗൺസിലർ എന്നീ നിലകളിൽ മത്സരിച്ചു വിജയിച്ചിരുന്നു.
അങ്കമാലി കറുകുറ്റി ഇടക്കുന്ന് ഇടശ്ശേരി ഹൗസിൽ ഇ. ജെ. ജോർജ്, റോസിലി ദമ്പതികളുടെ മകനാണ്. ഭാര്യ: റാണി ശോഭന (നഴ്സ്, ഹിഞ്ചിങ്‌ബ്രൂക്ക് ഹോസ്പിറ്റൽ). മക്കൾ: നേഹ, അന്ന, അന്റോണിയോ. സഹോദരങ്ങൾ: ലോയിഡ് (യുകെ), ലിഡിയ.