‘മലങ്കൾട്ട്’ എന്ന് സ്വന്തം മകൻ പോലും കളിയാക്കുന്ന പഴയ അംബാസഡർ ടാക്സി കാർ ഓടിക്കുന്ന റാന്നിക്കാരൻ ഷണ്മുഖൻ ആള് നിസാരക്കാരനല്ല കേട്ടോ.
ഹെലികോപ്റ്ററിൽ പറന്നു നടന്ന് മാസ് കാണിക്കുന്ന എമ്പുരാനിലെ അബ്രാം ഖുറേഷിയുടെ പേരിൽ എഴുതപ്പെട്ട റെക്കോർഡ് തിയേറ്ററിൽ വന്ന ദിവസം തന്നെ മലർത്തിയടിച്ചിരിക്കുകയാണ് ഷൺമുഖൻ.
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാലും ശോഭനയും നായികാ നായകന്മാരായ ‘തുടരും’ മികച്ച പ്രതികരണങ്ങളോടു കൂടി തിയേറ്ററുകളിൽ മുന്നേറുകയാണ്.
ഒരു കുടുംബകഥ പറഞ്ഞുകൊണ്ട് തിയേറ്ററിലെത്തിയ ചിത്രം പ്രേക്ഷകർ ആദ്യദിവസം തന്നെ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
ബിഗ് ബജറ്റിന്റെ മേനിപറച്ചിൽ ഇല്ലാതെ മലയാള സിനിമയിൽ അഭിനയപ്രതിഭകൾ മാറ്റുരച്ച ചിത്രം. രണ്ടു മുതിർന്ന താരങ്ങളുടെയും, നല്ല സിനിമകൾ സമ്മാനിച്ച ഒരു സംവിധായകന്റെയും ഗ്യാരന്റിയിൽ തിയേറ്ററിലെത്തിയ സിനിമയാണ് ‘തുടരും’. മുതിർന്ന സംവിധായകൻ ഭാരതിരാജയുടെ കാമിയോയും സിനിമയുടെ ഒരു ഭാഗത്തെ മാറ്റു കൂട്ടുന്നു
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ദൃശ്യം രണ്ടാം ഭാഗമാണ് ഇതിനു മുൻപ് മലയാള സിനിമയിൽ ഏറെ ഹിറ്റായി മാറിയ മോഹൻലാലിൻ്റെ കുടുംബ ചിത്രം.
കുടുംബപ്രേക്ഷകരുടെ നായകനായ മോഹൻലാലിനെ പ്രേക്ഷകർക്ക് വീണ്ടും സമ്മാനിക്കുമ്പോൾ, അദ്ദേഹത്തിന് യോജിക്കുന്ന ഒരു സ്ക്രിപ്റ്റ് എന്നത് അത്യന്താപേക്ഷിതമാണ്.
അതാണ് കെ.ആർ. സുനിലും തരുൺ മൂർത്തിയും ചേർന്ന് ‘തുടരും’ എന്ന പേരിൽ പാകപ്പെടുത്തിയിരിക്കുന്നത്. മോഹൻലാലിൽ നിന്നും പ്രേക്ഷകർ എന്ത് പ്രതീക്ഷിക്കുന്നുവോ, അതെല്ലാം ഇതിലുണ്ട് എന്ന് ഉറപ്പിച്ച സ്ക്രിപ്റ്റ് ആണ് ‘തുടരും’ സിനിമയുടെ ഹൈലൈറ്റ്
ഇതിന മുൻപ് തിയേറ്ററിലെത്തിയ മോഹൻലാൽ ചിത്രം ‘L2 എമ്പുരാൻ’ വിമർശനങ്ങളുടെ പേമാരിക്ക് നടുവിലേക്കാണ് വന്നിറങ്ങിയത്.
സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ മോഹൻലാലും ഒരുപാട് പഴികേൾക്കേണ്ടി വന്നിരുന്നു. സിനിമ പറഞ്ഞ രാഷ്ട്രീയത്തിന്റെയും ഹിന്ദു വിരുദ്ധതയുടെയും പേരിൽ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങൾ, സിനിമയുടെ പല ഭാഗങ്ങളിലൂടെയും സഞ്ചരിച്ച കട്ടുകളോടെയാണ് അവസാനിച്ചത്.
എന്നാൽ, കട്ടോ മ്യൂട്ടോ ഒന്നുമില്ലാതെ മലയാളികൾ ഒരു വിങ്ങലോടെ കേട്ടുണർന്ന പ്രകൃതി ദുരന്തത്തിന്റെ കൂടി പശ്ചാത്തലത്തിൽ, ഓരോ കുടുംബങ്ങളുടെയും ഇടയിലേക്കാണ് മോഹൻലാൽ ടാക്‌സിയും കൊണ്ട് ‘തുടരും’ സിനിമയുമായി എത്തിയിരിക്കുന്നത്.
എമ്പുരാനുമായി തട്ടിച്ചു നോക്കിയാൽ, ‘തുടരും’ തകർത്തെറിഞ്ഞ വലിയ റെക്കോർഡ് ഉണ്ട്. കോടി ക്ലബുകൾ ഒന്നും അവകാശപ്പെടാൻ സമയമായിട്ടില്ല എങ്കിലും, L2 എമ്പുരാനുമായി നോക്കുമ്പോൾ സ്‌പ്ലെണ്ടർ ഓടിച്ചുവന്ന ഷണ്മുഖന്റെ ഈ റെക്കോർഡ് അത്ര ചെറുതല്ലെന്ന് പറയേണ്ടി വരും.
379K ടിക്കറ്റുകൾ ആയിരുന്നു ബുക്ക് മൈ ഷോയിലൂടെ ‘L2 എമ്പുരാൻ’ ആദ്യദിവസം വിറ്റത്. എന്നാൽ, ആ റെക്കോർഡ് കാറ്റില്പറത്താൻ ‘തുടരും’ സിനിമയ്ക്ക് സാധിച്ചു.
മലയാള സിനിമയിൽ ഈ വർഷം ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച മലയാള ചിത്രം എന്ന റെക്കോർഡ് ഇപ്പോൾ ‘തുടരും’ ചിത്രത്തിനാണ്.
ഒരു പാൻ ഇന്ത്യൻ ചിത്രമല്ലാതിരുന്നിട്ടു കൂടി, 419K ടിക്കറ്റുകളാണ് ചിത്രം ആദ്യദിവസം കൊണ്ട് ബുക്ക്മൈഷോയിലൂടെ വിറ്റഴിച്ചു.
ഹിന്ദി ചിത്രം ഛവ്വയുടെ പേരിലാണ് ആദ്യ ദിവസം ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റഴിച്ചതിൻ്റെ റെക്കോർഡ്. 2025ലെ ഇന്ത്യൻ ചിത്രം 669K ടിക്കറ്റുകൾ വിറ്റഴിച്ചു.
തൊട്ടു താഴെയാണ് മോഹൻലാലിൻറെ ‘തുടരും’. L2 എമ്പുരാൻ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. ഗെയിം ചേഞ്ചർ, സംക്രാന്തി വാസ്തുനാം തുടങ്ങിയ സിനിമകളാണ് മൂന്നും, നാലും സ്ഥാനങ്ങളിലുള്ളത്. വലിയ ഹൈപ്പില്ലാതെ, പ്രൊമോഷനില്ലാതെ ഇറങ്ങിയ ഒരു കൊച്ചുചിത്രമെന്ന നിലയിൽ ‘തുടരും’ സിനിമയുടെ ഈ നേട്ടം എടുത്തുപറയേണ്ടിയിരിക്കുന്നു