ന്യൂഡൽഹി: അങ്ങനെ ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന പ്രഖ്യാപനം വന്നിട്ടുണ്ട്. 2028-ലെ ലോസ് ആഞ്ജലീസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയതായി ഔദ്യോഗിക പ്രഖ്യാപനം വന്നു.
ലോസ് ആഞ്ജലീസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിന് അംഗീകാരം നൽകിയത് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ എക്‌സിക്യുട്ടീവ് ബോർഡാണ്. ടി20 ഫോർമാറ്റിലായിരിക്കും ക്രിക്കറ്റ് മത്സരങ്ങൾ നടക്കുക.
പുരുഷന്മാർക്കും വനിതകൾക്കും വെവ്വേറെ മത്സരങ്ങൾ നടത്തും. ഇരുവിഭാഗങ്ങളിലും ആറുവീതം ടീമുകൾക്ക് പങ്കെടുക്കാമെന്നും സംഘാടകർ പറഞ്ഞു. ഓരോ വിഭാഗത്തിലും പരമാവധി 90 അത്‌ലറ്റുകൾക്ക് ടൂർണമെന്റിൽ പങ്കെടുക്കാമെന്നാണ് സംഘാടകർ വ്യക്തമാക്കി.
അതിനാൽ ഓരോ ടീമും പതിനഞ്ചംഗ സ്‌ക്വാഡിനെയാവും ഒളിമ്പിക്‌സിന് അണിനിരത്തുക. പുരുഷന്മാരിൽ ഇന്ത്യയും വനിതകളിൽ ന്യൂസീലൻഡുമാണ് നിലവിലെ ടി20 ലോകകപ്പ് ചാമ്പ്യന്മാർ.
അതേസമയം, ക്രിക്കറ്റ് ടൂർണമെന്റ് നടത്തേണ്ട വേദി സംബന്ധിച്ചോ സമയക്രമം സംബന്ധിച്ചോ നിലവിൽ തീരുമാനമായില്ല. ഒളിമ്പിക്‌സിനോട് അടുപ്പിച്ചായിരിക്കും ഷെഡ്യൂൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പുറത്തുവരിക.
അതുപോലെ തന്നെ ടീമുകളുടെ യോഗ്യത സംബന്ധിച്ച മാനദണ്ഡങ്ങളും പ്രഖ്യാപിച്ചിട്ടില്ല. ആതിഥേയരെന്ന നിലയ്ക്ക്, ഇരുവിഭാഗങ്ങളിലും അമേരിക്ക നേരിട്ട് യോഗ്യത നേടിയേക്കും.
അങ്ങനെവന്നാൽ ബാക്കി അഞ്ച് ടീമുകൾക്ക് മാത്രമേ അവസരം ലഭിക്കൂ. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ (ഐസിസി) 12 രാജ്യങ്ങൾ സ്ഥിരാംഗങ്ങളും 94 രാജ്യങ്ങൾ അസോസിയേറ്റ് മെമ്പർമാരായുമുണ്ട്.
അതേസമയം, 128 വർഷങ്ങൾക്ക് ശേഷമാണ് ക്രിക്കറ്റ് കളി ഒളിമ്പിക്‌സിലേക്ക് തിരിച്ചുവരുന്നത്. 1900-ലെ പാരീസ് ഒളിമ്പിക്‌സിലാണ് അവസാനമായി ക്രിക്കറ്റ് മത്സരം നടന്നത്.
അന്ന് ബ്രിട്ടനും ഫ്രാൻസും തമ്മിൽ രണ്ടുദിവസം നീണ്ടുനിന്ന മത്സരമാണ് നടന്നത്. ക്രിക്കറ്റിന് പുറമേ ബേസ്‌ബോൾ, സോഫ്റ്റ്‌ബോൾ, ഫ്‌ളാഗ് ഫുട്‌ബോൾ, ലാക്രസ്, സ്‌ക്വാഷ് എന്നീ നാല് മത്സരങ്ങൾക്കൂടി ലോസ് ആഞ്ജലീസ് ഒളിമ്പിക്‌സിൽ ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.