പലതും നശിപ്പിക്കുന്ന സാമൂഹ്യവിരുദ്ധരെ കണ്ടിട്ടുണ്ട്. വ്യത്യസ്തനായ സാമൂഹ്യവിരുദ്ധനാണ്. ഇവർ നശിപ്പിക്കുന്നത് താഴുകളാണ്. കടയുടെ പൂട്ട് നശിപ്പിക്കുന്ന വിരുദ്ധനെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് നാദാപുരം മേലെക്കൂടത്തിൽ രാഘവൻ എന്ന കടയുടമ. ഇരങ്ങന്നൂർ ക്ഷേത്ര പരിസരത്ത് പൂജാ സാധനങ്ങളും മറ്റും വിൽക്കുന്ന ചെറിയ കടയാണ് രാഘവനുള്ളത്. ഇക്കണ്ട നാളുകളിൽ ഒന്നുമില്ലാത്ത പ്രശ്നമാണ് അടുത്തിടെയായി ആരംഭിച്ചത്. രാത്രിയിൽ കടയടച്ച് വീട്ടിലെത്തിയാൽ ഉള്ളിൽ തീയാണ്. ഇരുളിന്റെ മറവിൽ കടയുടെ പശ, പെയിന്റ് പോലുള്ള വസ്തുക്കൾ ഒഴിച്ച് പൂട്ട് തുറക്കാൻ പറ്റാത്ത നിലയിലാക്കുകയാണ് ചെയ്യുന്നത്. കടയിലേക്ക് വൈദ്യുതി എത്തിക്കാനായി സ്ഥാപിച്ച മെയിൻ സ്വിച്ചിൽ ഫ്യൂസുകളും പലപ്പോഴും നശിപ്പിക്കാറുണ്ട്. ആരാണെന്നോ എന്തിനുവേണ്ടിയാണെന്നോ ഒരു പിടിയും ഇല്ലാതെ പൊറുതി മുട്ടിയപ്പോഴാണ് രാഘവൻ പോലീസിൽ പരാതി നൽകിയത്. നിലവിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നും മോഷ്ടിക്കാതെ പൂട്ട് മാത്രം നശിപ്പിക്കുന്നത് എന്തിനെന്നറിയാതെ ഉള്ളിൽ തീയുമായാണ് രാഘവൻ ഓരോ ദിവസവും രാത്രി കടയടയ്ക്കുന്നത്.