ന്യൂഡൽഹി :നിയമവൃത്തങ്ങളേയും പ്രതിപക്ഷരാഷ്ട്രിയകേന്ദ്രങ്ങളേയും ഞെട്ടിപ്പിക്കുന്ന പരാമർശമാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായത്. മദ്യനയകേസിൽ അറസ്റ്റിലായ ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യ ഹർജി സുപ്രീംകോടതി തള്ളി. കാരണമായി പറഞ്ഞ പരാമർശം ഇങ്ങനെ : നിയമപരമായ ചോദ്യങ്ങൾക്ക് പരിമിതമായ രീതിയിൽ സിസോദിയയുടെ അഭിഭാഷകനും ഇഡി അഭിഭാഷകനും ഉത്തരം നൽകിയിട്ടുണ്ട്. പക്ഷെ കേസിന്റെ വിശകലനത്തിൽ സംശയാസ്പദമായ ചില വശങ്ങളുണ്ട്.അതിൽ പ്രധാനം, പണം കൈമാറ്റത്തെക്കുറിച്ചാണ്. മദ്യനയത്തിനായി 338 കോടി കൈമാറിയെന്ന് ആദായനികുതി വകുപ്പ് സ്ഥാപിച്ചിരിക്കുന്നു. അതിനാൽ ഞങ്ങൾ ജാമ്യാപേക്ഷ നിരസിക്കുന്നു”.ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.സുപ്രീംകോടതിയുടെ പരാമർശം കേജരിവാൾ സർക്കാരിനും പ്രതിപക്ഷത്തിനും വലിയ തിരിച്ചടി നൽകുന്നതാണ്. കേന്ദ്ര സർക്കാർ രാഷ്ട്രിയ വൈരാഗ്യത്തിന്റെ പേരിൽ കെട്ടിച്ചമച്ചതാണ് കേസ് എന്നാണ് പ്രതിപക്ഷ നിലപാട്. കേസിന്റെ വിചാരണ പോലും ആരംഭിച്ചിട്ടില്ല. അത് മുമ്പ്‍ തന്നെ കൈക്കൂലി തുകയുടെ വലിപ്പം പറഞ്ഞുള്ള വിധി, വിചാരണയിൽ തിരിച്ചടിയാകുമെന്നും അഭിഭാഷകർ ചൂണ്ടികാട്ടുന്നു.
ഫെബ്രുവരി 26 മുതൽ കസ്റ്റഡിയിലാണ് ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും, ആദായ നികുതി വകുപ്പും കൈക്കൂലിയെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.പണം വാങ്ങി ചില വ്യാപാരികൾക്ക് മദ്യം വിൽക്കാൻ ലൈസൻസ് നൽകാൻ ഡൽഹി സർക്കാർ ഉദ്യോഗസ്ഥർ കൂട്ടുനിന്നുവെന്നാണ് മദ്യനയ കേസ്.ഇതിനായി എക്സൈസ് നയത്തിൽ മാറ്റം വരുത്തിയെന്നാണ് സിബിഐ കണ്ടെത്തൽ.നേരത്തെ ഡൽഹി ഹൈക്കോടതി സിസോദിയക്ക് ജാമ്യം നിഷേധിച്ചിരുന്നു.ആദായനികുതി വകുപ്പ് ഫയൽ ചെയ്ത കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ വേഗത്തിൽ വിചാരണ ആരംഭിക്കാൻ സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളിൽ വിചാരണ ആരംഭിച്ച് എട്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാനും ജസ്റ്റിസ് ഖന്ന അദ്ധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. കേസിൽ എഎപിയെ പ്രതി ചേർക്കുന്ന കാര്യം ആലോചിക്കുന്നതായി സിബിഐയും ഇഡിയും സുപ്രീം കോടതിയെ അറിയിച്ചത് വാർത്തയായിരുന്നു.സിബിഐയ്ക്കും ഇഡിക്കും വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ഹാജരായി. മനീഷ് സിസോദിയക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയാണ് വാദിച്ചത്.