നിങ്ങൾക്കിതെന്തു പറ്റി? ചിലയിടത്ത് പുക, ചിലയിടത്ത് ചാരം….’ പരിഹാസത്തോടെയോ അവജ്ഞയോടെയോ നമ്മിൽ അധികം പേരും തള്ളിക്കളയാറുള്ള പരസ്യങ്ങളിലൊന്നാണിത്. പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചുകൊണ്ടുള്ള ഉത്തരവിന് 25 വർഷം തികഞ്ഞിരിക്കുകയാണ് വെള്ളിയാഴ്ച.25 years of ban on smoking in public places
പൊതുസ്ഥലങ്ങളിൽ വാശിയോടെ വലിച്ചുതള്ളിയ വിഷപ്പുകയ്ക്ക് അറുതിവരുത്തിയ കേരള ഹൈക്കോടതിയുടെ ആ ചരിത്രവിധി, 1999 ജൂലായ് 12-നാണ് പുറത്തുവന്നത്. ഭരണഘടനയെ ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ ആക്ടിങ് ചീഫ് ജസ്റ്റിസായ എ.ആർ. ലക്ഷ്മണനും ജസ്റ്റിസ് കെ. നാരായണക്കുറുപ്പും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പൊതുസ്ഥലത്തെ പുകവലി നിരോധിച്ചത്.
കോട്ടയം ബി.സി.എം. കോളേജിലെ പ്രൊഫസറും എറണാകുളം-കോട്ടയം റൂട്ടിലെ സ്ഥിരം യാത്രക്കാരിയുമായ മോനമ്മ കോക്കാടാണ് ആ റിട്ട് ഫയൽ ചെയ്തതെന്ന് ചരിത്രവിധിയെഴുതിയ ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് ഓർക്കുന്നു. മഴക്കാലത്ത് ജനലുകൾ അടച്ചിടുമ്പോൾ പോലും യാത്രക്കാർ പുകവലിക്കുന്നുവെന്നും തീവണ്ടിക്കമ്പാർട്ട്‌മെന്റുകളിൽ പുകനിറഞ്ഞ് ശ്വാസംമുട്ടുന്ന അവസ്ഥയാണെന്നുമായിരുന്നു അവരുടെ ഹർജിയിൽ പറഞ്ഞിരുന്നത്. ഒരിക്കൽ ഇതിനെതിരെ പ്രതികരിച്ചപ്പോൾ അടുത്ത സ്റ്റേഷനിലിറങ്ങി കാർ വിളിച്ച് പോകാൻ പുകവലിച്ചിരുന്നവർ പറഞ്ഞതായും അവർ ഹർജിയിൽ പറഞ്ഞു.
എറണാകുത്ത് നടന്ന ഒരു പൊതുചടങ്ങിൽ പുകവലിശല്യം മോനമ്മ ഉന്നയിച്ചു. സമാന അനുഭവമുള്ള കോഴിക്കോട് സ്വദേശി കെ. രാമകൃഷ്‌ണൻ പിന്തുണച്ചു. രാമകൃഷ്‌ണനെ സഹഹർജിക്കാരനാക്കി പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം ആവശ്യപ്പെട്ട് മോനമ്മ 1998ൽ ഹർജി നൽകി. 1999ജൂലായ് 12ന് ചീഫ് ജസ്റ്റിസായിരുന്ന എ.ആർ. ലക്ഷ്‌മൺ, ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പൊതുസ്ഥലത്ത് പുകവലി നിരോധിച്ചു. ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ കളക്‌ടർമാർക്ക് നിർദ്ദേശവും നൽകി.
ഭീഷണികളും വെല്ലുവിളികളും അതിജീവിച്ചാണ് നിയമപോരാട്ടം നടത്തിയത്. വൻകിട സിഗരറ്റ് കമ്പനികൾ ഉൾപ്പെടെ ഹർജി പിൻവലിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.2011ൽ സംസ്ഥാന വനിതാ കമ്മിഷൻ അംഗമായ മോനമ്മ ‘നെവർ മീ” എന്ന സംഘടനയുടെ അദ്ധ്യക്ഷയാണ്. ചൂഷണത്തിന് വിധേയയാകില്ലെന്ന സന്ദേശം സ്ത്രീകൾക്ക് നൽകുന്ന സംഘടന സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം പുകയില ഉത്പന്നങ്ങളുടെ വിൽപന നിരോധിക്കുന്നതിലും നിയമലംഘനങ്ങൾക്ക് കർശനമായ ശിക്ഷ നടപ്പാക്കുന്നതിലും കേരളം മുൻകൈയെടുത്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ ശ്രമങ്ങൾ ജനസംഖ്യയിൽ പുകയില ഉപയോഗത്തിൽ ഗണ്യമായ കുറവുണ്ടാക്കിയെങ്കിലും കണക്കിൽപ്പെടാത്ത പുകവലിക്കാരുടെയും മറ്റു പുകയില ഉപയോഗക്കാരുടെയും എണ്ണം കൂടി നോക്കിയാൽ ഞെട്ടിപ്പോകുന്ന അവസ്ഥയിലാണ് കേരളവും എന്ന് മനസ്സിലാക്കാം. പുതുതലമുറയിൽ ഏതെങ്കിലും വിധത്തിലുള്ള ലഹരി പരീക്ഷിക്കുകയെങ്കിലും ചെയ്തിട്ടില്ലാത്തവരുടെ എണ്ണം കുറഞ്ഞുവരുന്നുവെന്നതുകൂടി ഇതോടൊപ്പം ചേർത്തുവായിക്കാം.
പുകയിലയുടെ ഭാരം കുറയ്ക്കുന്നതിലും ആത്യന്തികമായി ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കുന്നതിലും ലോകമെമ്പാടുമുള്ള ആരോഗ്യനിലവാരം മെച്ചപ്പെടുത്തുന്നതിലും ആഗോളവും പ്രാദേശികവുമായ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന അവസരമായി ലോക പുകയില വിരുദ്ധ ദിനം വർത്തിക്കുന്നു. പുകയില ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളെ ഉയർത്തിക്കാട്ടുന്നതിനും പുകയില ഉപഭോഗം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ നയങ്ങൾക്കായി വാദിക്കുന്നതിനുമായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള ഒരു സംരംഭമാണ് ഈ ദിനാചരണവും അനുബന്ധ പരിപാടികളും.
പുകയില ഉപയോഗം പൊതുജനാരോഗ്യത്തിന് കാര്യമായ ഭീഷണിയാണെന്ന സന്ദേശം ഊട്ടിയുറപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പുകയില ഉത്പന്നങ്ങൾക്ക് ഉയർന്ന നികുതി, ഗ്രാഫിക് ഹെൽത്ത് മുന്നറിയിപ്പുകൾ, പൊതു പുകവലി നിരോധനം, ശക്തമായ പുകയില വിരുദ്ധ കാമ്പെയ്‌നുകൾ എന്നിവയുൾപ്പെടെ സമഗ്രമായ പുകയില നിയന്ത്രണ നയങ്ങൾ കൂടുതൽ കർക്കശമായി നടപ്പിലാക്കുകയും വേണം.