ജല ദുരുപയോഗം തടയാൻ കടുത്ത നടപടികളുമായി ബംഗളുരു വാട്ടർ സപ്ലെ ആന്റ് സ്വീവേജ് ബോർഡ് അധികൃതർ. അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്കായി കുടിവെള്ളം ഉപയോഗിച്ച 22 കുടുംബങ്ങൾക്ക് അധികൃതര്‍ പിഴ ചുമത്തി. 22 കുടുംബങ്ങളിൽ നിന്ന് പിഴ ഇനത്തിൽ 1.10 ലക്ഷം രൂപ ഈടാക്കിയതായി ബംഗളുരു വാട്ടർ സപ്ലെ ആന്റ് സ്വീവേജ് ബോർഡ് അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ജല ദുരുപയോഗം കണ്ടെത്തിയത്. കാർ കഴുകുക, ചെടികൾക്ക് വെള്ളമൊഴിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായി കുടിവെള്ളം ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 5000 രൂപ വീതം പിഴ ഈടാക്കിയത്. കുടിവെള്ള ക്ഷാമം രൂക്ഷമായ ബംഗളുരുവിൽ ഹോട്ടലുകളും അപ്പാർട്ട്മെന്റുകളും ജല ഉപയോഗം കുറയ്ക്കാൻ എയറേറ്ററുകൾ സ്ഥാപിക്കണമെന്നാണ് അധികൃതരുടെ നിർദശം.
വാഹനങ്ങൾ കഴുകാനോ, നിർമാണ ആവശ്യങ്ങൾക്കോ, വിനോദ പരിപാടികൾക്കോ വേണ്ടി കുടിവെള്ളം ഉപയോഗിക്കരുതെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്. ഒന്നിലധികം തവണ നിയമലംഘനം നടത്തുന്നവരിൽ നിന്ന് അധിക പിഴയായി 500 രൂപ വീതം ഈടാക്കും.കടുത്ത ജലദൗർലഭ്യം കണക്കിലെടുത്ത് പരമാവധി കുറച്ച് വെള്ളം ഉപയോഗിക്കണമെന്ന് നേരത്തെ വാട്ടർ സപ്ലെ ആന്റ് സ്വീവേജ് ബോർഡ് നിർദേശിച്ചിരുന്നു. ഹോളി ആഘോഷങ്ങളുടെ ഭാഗമായി പൂൾ പാർട്ടികളും മഴ നൃത്തങ്ങളും നടത്തുമ്പോഴും കുടിവെള്ളം പാഴാക്കരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.