200 വർഷം നീണ്ട ബ്രിട്ടീഷ് അടിമത്വത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ട രാജ്യത്തിന് എന്ത് പേരിടണമെന്ന വാദം വീണ്ടും ചർച്ചയായ വർഷമാണ് 2023. ജവഹർലാൽ നെഹറുവിന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ ആദ്യ സർക്കാർ പാർലമെന്റിൽ നേരിട്ട പ്രധാന തർക്കവിഷയമായ പേരിടൽ വിവാദം 75 വർഷത്തിന് ശേഷം വീണ്ടും സജീവമാകുന്നതിന് പിന്നാലെ രാഷ്ട്രിയം എല്ലാവർക്കും സുപരിചിതം. അതിലേയ്ക്ക് കടക്കുകയല്ല ഈ ലേഖനം ചെയ്യുന്നത്. പകരം ഭരണഘടനാ ശിൽപ്പിയായ അബേദ്ക്കറുടെ തർക്ക പരിഹാര ഫോർമുലകളിലൊന്നായ ഇന്ത്യ അഥവാ ഭാരതം എന്ന രണ്ട് പേരുകളിലേയ്ക്ക് രാജ്യം എങ്ങനെ എത്തിയെന്ന് പരിശോധിക്കുകയാണ് ലേഖിക.
ഇന്ത്യ അഥവ ഭാരതം.
ഇന്ത്യ സംസ്ക്കാരങ്ങളുടെ മാതാവ് , പാരമ്പര്യങ്ങളുടെ മുത്തശി , പൈതൃകങ്ങളുടെ മുതുമുത്തശി എന്ന് വായിച്ചത് ഓർമയിൽ മിന്നി മറയുന്നു. നാനാത്വത്തിൽ ഏകത്വം പ്രതിഫലിക്കുന്ന രാഷ്ട്രത്തിന്റെ വൈവിധ്യം വിളിച്ചോതുന്ന ഒരു പേര് കണ്ടെത്താൻ രാജ്യം ഉൾകൊള്ളുന്ന സംസ്കാരം, പാരമ്പര്യം, പൈതൃകം എന്നിവ അറിയേണ്ടത് അത്യാവശ്യമാണ്. പ്രാചീന ശിലായുഗം മുതൽ അത്യാധുനിക കാലഘട്ടം വരെ സഞ്ചരിക്കാതെ ഇതിനൊരു ഉത്തരം കണ്ടെത്തുക അസാധ്യം. ആദ്യം ഭരണഘടന പരിശോധിക്കാം. വിവിധ സംസ്ഥാനങ്ങളുടെ യൂണിയനാണ് ഇന്ത്യ അതായത് ഭാരതം എന്ന ആമുഖത്തോടെയാണ് ഭരണഘടനയുടെ പ്രഥമ ആർട്ടിക്കിൾ ആരംഭിക്കുന്നത്. ബ്രിട്ടീഷുകാർ ഇന്ത്യ എന്നും അതിന് മുമ്പുള്ള കാലഘട്ടത്തിൽ ഭാരതമെന്നും വിളിക്കപ്പെട്ടിരുന്ന രണ്ട് പേരുകളും അബേദ്ക്കർ അതി വിദഗ്ധമായി ഭരണഘടനയിൽ ഉൾപ്പെടുത്തി.
ദ്രാവിഡർ, ആര്യന്മാൻ, ഹൂണൻമാർ തുടങ്ങി നമ്മുടെ രാജ്യത്ത് മേൽകോയ്മ ഉണ്ടായിരുന്ന പല വിദേശരാജാക്കന്മാരുടെ ഭരണവാഴ്ച്ചകാലവും അവരുടെ ജീവിത രീതി, കൃഷി, ആചാരങ്ങൾ, എന്നിവയെല്ലാം വിശദമായി മനസിലാക്കിയാൽ മാത്രമേ ഇരു പേരുകളുടേയും മൂല്യം മനസിലാകു. ഇന്ന് നാം കാണുന്ന ഭൂപ്രകൃതിയിൽ നിന്നും വ്യത്യസ്ഥമായിരുന്നു പ്രാചീന ഗ്രന്ഥങ്ങളിൽ വിവരിച്ചിരിക്കുന്ന ഭാരതം. ഭൂമിശാസ്ത്രപരമായ അതിർ വരമ്പുകളും സംസ്ക്കാരങ്ങളും മനുഷ്യചിന്താഗതികളുമെല്ലാം വിഭിന്നമായിരുന്നു.ഭാരതം എന്ന് വിളിക്കണമെന്ന് എന്ന് ആവിശ്യപ്പെടുന്ന താത്വികർ കൂട്ട് പിടിക്കുന്നത് വേദങ്ങളെയാണ്. പ്രത്യേകിച്ച് ഋക് വേദത്തെ.
പല കുലങ്ങളിലായി അജയരായി നിന്ന രാജ്യത്തെ ഭാരതകുലമെന്നാണ് ഋക് വേദത്തിൽ വിശേഷിപ്പിക്കുന്നത്. വേദ കാലഘട്ടം കഴിഞ്ഞ് ഇതിഹാസങ്ങളിലേയ്ക്ക് എത്തുമ്പോഴും ഭാരതമെന്ന പേര് പല തവണ ആവർത്തിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് പ്രണയജോടികളായ ദുഷ്യന്തന്റേയും ശകുന്തളയുടേയും കഥയിലെ ഭാരതം. ഇരുവരുടേയും മകനായ ഭാരതമഹാരാജാവിന്റെ പിൻതുടർച്ചക്കാരാണ് ഭാരതമെന്നാണ് സങ്കൽപം. അത് പോലെ തന്നെ വിഷ്ണു പുരാണത്തിലും ഭാരതമെന്ന പദം പ്രതിപാദിച്ചിരിക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടികാണിച്ച് കൊണ്ട് ഭാരതം എന്ന പദം തന്നെ ഒരു ജനതയുടെ സംസ്കാരത്തിന്റെ ഉണർവാണ് എന്നാണ് വാദം.അവർ ഇന്ത്യ എന്ന പേരിനെ തള്ളി കളയുന്നു. വൈവിധ്യമേറുന്ന സംസ്ക്കാരത്തെ നശിപ്പിച്ച് അടിമത്വത്തിലേയ്ക്ക് രാജ്യത്തെ നയിച്ച കോളനിവാഴ്ച്ചയുടെ സംഭാവനയാണത്രേ ഇന്ത്യ എന്ന പദം.
ഇന്ത്യ എന്ന പദം – ചരിത്രത്തിലൂടെ
യഥാർത്ഥത്തിൽ ഇന്ത്യ എന്ന പദം ഒരു കോളനിവാഴ്ച്ചയുടെ സംഭാവനയാണോ എന്ന് പരിശോധിക്കാം. എന്താണ് ചരിത്രം പറയുന്നത്. സിന്ധു അഥവ ഇൻഡസ് (INDUS) എന്ന പദത്തിൽ നിന്നാണ് ഇന്ത്യ എന്ന പദം ജനിച്ചതെന്ന് വേൾഡ് ഹിസ്റ്ററി എൻസൈക്ലോപീഡിയ പറയുന്നത്. ഭാരതമെന്ന പ്രതിപാദനമുള്ള ഋക് വേദത്തിലും ഇൻഡസ് എന്ന പദം എഴുതി ചേർത്തിട്ടുണ്ട്. ഏകദേശം 1500 ബിസി യിൽ എഴുതപ്പെട്ടു എന്ന് വിശ്വസിക്കുന്ന വേദത്തിൽ പോലും രണ്ട് പേരുകളേയും ശരി വയ്ക്കുന്ന തെളിവുകൾ കാണാൻ കഴിയും.അലക്സാണ്ടർ ചക്രവർത്തിയുടെ പടയോട്ടങ്ങളെ വിവരിക്കുന്ന ഗ്രീക്ക് ചരിത്രകാരനായ ഹെറഡോറ്റസ് രചിച്ച ഇൻഡിക്ക എന്ന പുസ്തകത്തിലും ഇന്ത്യ എന്ന പദത്തിന് തതുല്യമായ പദം കാണാൻ സാധിക്കും. ഭാരതം എന്ന രാജ്യത്തെ ആദ്യത്തെ രാജാവായി വാഴ്ത്തപ്പെടുന്നത് ഭാരതൻ എന്ന രാജാവാണ്. പക്ഷെ അദേഹമല്ല, ഹരിയംഗ രാജവംശത്തിലെ ബിബിസാരനാണ് ആദ്യത്തെ രാജാവെന്നും ചരിത്രം രേഖപ്പെടുത്തുമ്പോൾ ഈ വാദവും പൊളിയുന്നു. അക്കാലത്തെ ഭൂമി ശാസ്ത്രപരമായ അതിർവരമ്പുകൾ കൂടി കണക്കാക്കുമ്പോൾ കേരളവും, തമിഴ്നാടും പിന്നെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും ഉൾപ്പെടാത്ത ആര്യവർത്തം എന്ന് രേഖപ്പെടുത്തിയ ഒരു ഭൂപ്രദേശത്തെ മാത്രമേ ഭാരതമെന്ന പദത്തിന് ആവാഹിക്കാൻ സാധിക്കുകയുള്ളു. മാധ്യമങ്ങൾ ഹിന്ദി ബൽറ്റെന്നും , മധ്യ ഇന്ത്യയെന്നും പറയുന്ന പ്രദേശമായിരുന്നു പഴയ ഭാരതമെന്ന് സാരം.
രണ്ട് പേരുകൾ ഭരണഘടനയിൽ വന്നതെങ്ങനെ ?
ഭരണഘടനാ രൂപീകരണ സമയത്ത് വലിയ തർക്കം ഉയർത്തിയ വിഷയമായിരുന്നു രാജ്യത്തിന്റെ പേര്.പാർലമെന്റിൽ ഭൂരിപക്ഷം ഉണ്ടായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ഒരു വിഭാഗം ഭാരതം എന്ന പേരു മതിയെന്ന് വാദിച്ചു, ഇന്ത്യ എന്ന പദം ഒഴിവാക്കണമെന്നും അവർ ശക്തമായി ആവിശ്യപ്പെട്ടു. എന്നാൽ ഇതിനു എതിർവാദവും രൂപപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളേയും ഉൾക്കൊള്ളുന്നത് ഇന്ത്യ എന്ന പേരാണെന്ന് മറുവാദക്കാർ ചൂണ്ടികാട്ടി. വിദേശ നയതന്ത്രമേഖലകളിൽ ഇന്ത്യ എന്ന പേരാണ് ഉചിതമെന്നും അവർ ചൂണ്ടികാട്ടി. തർക്കം നീണ്ടപ്പോൾ , ഭരണഘടനാ ശിൽപിയായ അബേദ്ക്കർ രണ്ട് പദവും ഉപയോഗിച്ച് പരിഹാരം കാണുകയായിരുന്നു. ചെറിയ ചെറിയ നാട്ടുരാജ്യങ്ങൾ ഒന്നിച്ച് ചേർത്താണ് ഇന്ന് കാണുന്ന രാഷ്ട്രം രൂപപ്പെടുത്തിയത്. ഈ മഹാപാരമ്പര്യത്തിന്റെ നേർരേഖയായ രാഷ്ട്രത്തിനെ ഇന്ത്യ എന്നോ ഭാരതമെന്നോ വിളിക്കാമെന്ന് ആധികാരികമായി ഭരണഘടനയിൽ തന്നെ പ്രതിപാദിക്കുന്നത് അങ്ങനെയാണ്. 2016 ൽ സുപ്രീംകോടതിയും ഇതേ അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി.
ആദിമകാലത്തെ ഭൂമിശാസ്ത്രപരമായ അതിർ വരമ്പുകളെ മാറ്റി കുറിച്ച ആധുനിക രാഷ്ട്രത്തിന് ഒരു ജനതയുടെ കൂട്ടായ്മയുടെ മത ജാതി സംസ്ക്കാരങ്ങളുടെ ഐക്യത്തിന്റെ പെരുമയാണ് മുന്നോട്ട് വയ്ക്കാനുള്ളത്. ഇന്ത്യ എന്ന പദം കോളനിവാഴ്ച്ചയുടെ മാത്രം സംഭാവനയല്ലെന്ന് കൂടി ഈ അവസരത്തിൽ പറയാൻ ആഗ്രഹിക്കുന്നു. മത – രാഷ്ട്രിയ പ്രത്യയശാസ്ത്രങ്ങൾക്കപ്പുറം, മനുഷ്യ മനസുകളിൽ നന്മയും ഐക്യവും പടർത്തുന്നതിൽ കൂടുതൽ ശ്രദ്ധ നൽകിയാൽ മാത്രമേ രാജ്യം രാജ്യമാകു. ഭാരതം ഒരു ജനനതയുടെ സംസ്ക്കാര സംഘലനമാണെങ്കിൽ, ഇന്ത്യ എന്നത് ലോകത്തിന് മുമ്പിൽ നാം നേടിയെടുത്ത വ്യക്തിത്വമാണ്