ബൈക്ക് അപകടത്തെ തുടർന്ന് പരുക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് യുവാവ്. അപകടത്തിൽ പരിക്കേറ്റ 17കാരൻ സംഭവ സ്ഥലത്തു വെച്ച് മരിച്ചു. നെല്ലിക്കാല സ്വദേശി സുധീഷ് ആണ് മരിച്ചത്. പത്തനംതിട്ട കാരംവേലിയിൽ ഇന്നലെ രാത്രി 9.15 നാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അപകടത്തിന് ശേഷം ബൈക്കുമായി കടക്കാൻ ശ്രമിച്ച കുലശേഖരപതി സ്വദേശി സഹദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
അപകടത്തിൽ സുധീഷിന്‍റെ തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അശ്രദ്ധമായി വാഹനം ഓടിച്ച് മരണത്തിനിടയാക്കിയതിന് സഹദിനെതിരെ ആറന്‍മുള പൊലീസ് കേസെടുത്തു. രാത്രി എട്ടരയോടെ സഹദ് സുധീഷിനെ വീട്ടില്‍നിന്ന് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. പത്തനംതിട്ട-കോഴഞ്ചേരി റോഡിലാണ് രാത്രി 9:11 ഓടെ ഇവർ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്.
എസ്‌എൻഡിപി ഹയർസെക്കൻഡറി സ്കൂളിന് സമീപത്ത് വെച്ച് ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. പിൻസീറ്റ് യാത്രക്കാരനായിരുന്ന സുധീഷ് റോഡില്‍ തലയടിച്ചാണ് വീണതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
വീണിടത്ത് നിന്ന് എഴുന്നേറ്റ സഹദ് ചലനമറ്റ് കിടന്ന സുധീഷിനെ തിരിഞ്ഞുനോക്കാതെ ബൈക്കെടുത്ത് പോകുന്നതും സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. തുടർന്ന് പരിസരത്തുണ്ടായിരുന്നവർ മുങ്ങാൻ ശ്രമിച്ച സഹദിനെ തടഞ്ഞുവെച്ച് പൊലീസിലേല്‍പ്പിക്കുകയായിരുന്നു.