കോഴിക്കോട്: കോഴിക്കോട് ഹോസ്റ്റലിൽ നിന്ന് കാണാതായ 13കാരനായ വിദ്യാർത്ഥിയെ കണ്ടെത്തി. പൂണെയിൽ നിന്നാണ് അന്വേഷണ സംഘം കുട്ടിയെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 24 നാണ് കുട്ടിയെ കാണാതായത്.
വേദവ്യാസ സ്കൂൾ ഹോസ്റ്റലിൽ നിന്നും അതിസാഹസികമായാണ് കുട്ടി കടന്നുകളഞ്ഞത്. തുടര്‍ന്ന് ഹോസ്റ്റൽ അധികൃതര്‍ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പൂണൈയിലുള്ളതായി വിവരം ലഭിച്ചത്.
ഇക്കഴിഞ്ഞ 24ന് പാലക്കാട് നിന്ന് കന്യാകുമാരി -പൂണെ എക്സ്പ്രസിൽ കുട്ടി കയറിയതിന്‍റെ വിവരം പൊലീസ് ലഭിച്ചിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പൂണെയിൽ നിന്ന് കണ്ടെത്താനായത്. പൂണെയിലേക്ക് പോകുമെന്ന് സഹപാഠികളോട് വിദ്യാർത്ഥി നേരത്തെ പറഞ്ഞിരുന്നു.
എന്നാൽ കുട്ടി ഏതു ട്രെയിനിലാണ് കയറിയതെന്ന കാര്യത്തിൽ ആദ്യഘട്ടത്തിൽ സംശയമുണ്ടായിരുന്നു. രണ്ടു ദിവസം മുമ്പാണ് പാലക്കാട് നിന്നും ട്രെയിൻ കയറുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചത്. ഇതാണ് കുട്ടിയെ കണ്ടെത്താൻ നിര്‍ണായകമായത്.