ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയിയുടെ പേരും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ചേർത്ത് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ). അൻമോൽ ബിഷ്‌ണോയിയെ പിടികൂടുന്നയാൾക്ക് 10 ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്നും എൻ.ഐ.എ. പ്രഖ്യാപിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ബോളിവുഡ് താരം സൽമാൻ ഖാന്റെ മുംബൈയിലെ വീടിനുനേരെയുണ്ടായ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ടാണ് അൻമോൽ ബിഷ്‌ണോയിയെ പിടികൂടാൻ എൻ.ഐ.എ. ശ്രമിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ബിഷ്‌ണോയ് ഗ്യാങ്ങിലെ അഞ്ചുപേരെ മുംബൈ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഈ അറസ്റ്റിന് പിന്നാലെയാണ് ജൂൺ മാസത്തിൽ നവി മുംബൈയിലെ ഫാം ഹൗസിൽ വെച്ച് സൽമാൻ ഖാനെ അപായപ്പെടുത്താൻ ബിഷ്‌ണോയ് ഗ്യാങ് പദ്ധതിയിട്ടതായി കണ്ടെത്തിയത്. മഹാരാഷ്ട്ര മുൻമന്ത്രിയും എൻ.സി.പി. നേതാവുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിലും അൻമോൽ ബിഷ്‌ണോയിക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
ലോറൻസ് ബിഷ്ണോയിയുടെ സംഘമാണ് ഏപ്രിൽ മാസത്തിൽ സൽമാൻ ഖാന്റെ വസതിക്ക് നേരേ വെടിവെപ്പ് നടത്തിയത്. ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയിയായിരുന്നു ഈ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയത്. അൻമോൽ ബിഷ്ണോയി ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഇക്കാര്യം സ്ഥിരീകരിച്ചത്.
അതേസമയം സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത അൻമോൽ ബിഷ്ണോയി നിലവിൽ കാനഡയിൽ ഒളിവിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. പഞ്ചാബി ഗായകൻ സിദ്ദു മൂസ്വാവാലയെ കൊലപ്പെടുത്തിയ കേസ് ഉൾപ്പെടെ 18-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. 2021-ൽ ജോധ്പുർ ജയിലിൽനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ അൻമോൽ കാനഡയിലേക്ക് കടന്നതായാണ് സൂചന.
English summary : 10 lakhs for the capture of Anmol Bishnoi; NIA announced the reward