ഷെഫീൽഡ്∙ ഷെഫീൽഡിലെ സ്കൂളിൽ 15 വയസ്സുള്ള വിദ്യാർഥി കുത്തേറ്റ് മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.17നാണ് ഓൾ സെയിന്റ്സ് കാത്തലിക് ഹൈസ്കൂളിൽ സംഭവം നടന്നത്.
ഹാർവി വിൽഗൂസ് എന്ന വിദ്യാർഥിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഹാർവിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം 4 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തിൽ മറ്റൊരു 15 വയസ്സുള്ള വിദ്യാർഥിയെ കൊലപാതക കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ തുടർന്ന് ക്ലാസ്സ്‌റൂമുകൾ അടച്ചിടുകയും സ്കൂൾ ഗ്രൗണ്ടുകൾ അടക്കുകയും ചെയ്തിതിട്ടുണ്ട്. പൊലീസും എമർജൻസി സർവീസുകളും സ്ഥലത്തെത്തിയിരുന്നു.
സ്കൂളിന് പുറത്ത് നിരവധി ആളുകൾ പുഷ്പങ്ങൾ അർപ്പിച്ച ശേഷം ഹാർവിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
ഹാർവി കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് വരെ സുഹൃത്ത് ഭീഷണി മെസ്സേജുകള്‍ അയ്ച്ചതായി വിവരമുണ്ട്. കഴിഞ്ഞ ആഴ്ച സ്കൂളിൽ വെച്ച് ഹാർവിയെ ഒരാൾ കത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഈ കേസിൽ ആർക്കെങ്കിലും എന്തെങ്കിലും വിവരങ്ങൾ അറിയാമെങ്കിൽ, 101 എന്ന നമ്പറിൽ വിളിക്കാനോ അല്ലെങ്കിൽ 0800 555 111 എന്ന നമ്പറിൽ ക്രൈംസ്റ്റോപ്പേഴ്സുമായി ബന്ധപ്പെടാനോ പൊലീസ് പറഞ്ഞു.