സിഡ്‌നി: ആരാധകരെ കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് ഇന്ത്യ ഏറെ ആഗ്രഹിച്ച ലോകകപ്പ് കിരീടം ഓസ്‌ട്രേലിയ നേടിയെടുത്തത്. കരുത്തരായ ഓസീസ് പടയുടെ ആറാം കിരീട നേട്ടമായിരുന്നു. എന്നാൽ, ലോകകപ്പ് നേട്ടത്തോടൊപ്പം ഓസ്‌ട്രേലിയൻ താരം മിച്ചല്‍ മാർഷിനെ കുറിച്ചും വലിയ ചർച്ചകൾ നടന്നിരുന്നു. ലോകകപ്പ് കിരീടത്തിന് മുകളില്‍ ഇരുകാലുകളും കയറ്റിവെച്ച് ഇരിക്കുന്ന മാര്‍ഷിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതാണ് ചർച്ചകൾക്കും വിവാദത്തിനും കാരണമായത്. ഇപ്പോഴിതാ വിമർശകർക്കുള്ള മറുപടി മിച്ചൽ മാർഷ് തന്നെ നൽകിയിരിക്കുകയാണ്.
ചിത്രം വൈറലായി ദിവസങ്ങൾക്ക് ശേഷമാണ് താരത്തിന്റെ പ്രതികരണം. വിമര്‍ശിക്കാന്‍ മാത്രം ആ ചിത്രത്തില്‍ ഒന്നുമില്ലെന്ന് മാർഷ് പറയുന്നു. ഓസ്‌ട്രേലിയയിലെ ഒരു റേഡിയോ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ‘ആ ചിത്രത്തില്‍ അനാദരവായി ഒന്നും തന്നെയില്ല. ആ ചിത്രം കണ്ട് എനിക്കൊന്നും തോന്നിയിരുന്നില്ല. ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് കേട്ടെങ്കിലും ഞാനൊന്നും സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടില്ല. അതില്‍ പ്രത്യേകിച്ചൊന്നും തന്നെയില്ല’, മാര്‍ഷ് വ്യക്തമാക്കി. ഇത്തരത്തില്‍ വീണ്ടും പെരുമാറുമോ എന്ന ചോദ്യത്തിന് ‘അതേ തീര്‍ച്ചയായും’ എന്നായിരുന്നു മാര്‍ഷിന്റെ മറുപടി.
ഓസീസിന്റെ ടീമംഗങ്ങള്‍ ഡ്രസിങ് റൂമില്‍ പരസ്പരം സംസാരിക്കുന്നതിനിടെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പങ്കുവെച്ച ചിത്രമായിരുന്നു വിവാദത്തിനു തിരികൊളുത്തിയത്. ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെക്കപ്പെടുകയും താരത്തിനെതിരെ മുഹമ്മദ് ഷമി അടക്കമുള്ള ക്രിക്കറ്റ് താരങ്ങളും ആരാധകരും രംഗത്തെത്തി. താരത്തിന്റെ മോശം പ്രവൃത്തി ലോകകപ്പിനോടും ക്രിക്കറ്റിനോടുമുള്ള അനാദരവാണ് സൂചിപ്പിക്കുന്നതെന്നായിരുന്നു ഉയർന്നു വന്ന വിമർശനങ്ങൾ.
Read Also:പരമ്പര നേടാൻ ഇന്ത്യയ്ക്ക് നിർണായക മത്സരം; ശ്രേയസ് ടീമിൽ, പൊളിച്ചു പണികൾക്ക് സാധ്യത