മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് വരാനിരിക്കെ സൂപ്പർ താരങ്ങളെ നിലനിർത്താനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് ടീമുകൾ. താരലേലത്തിന് മുന്നോടിയായി ടീമുകൾക്ക് കളിക്കാരെ നിലനിർത്താനുള്ള സമയപരിധി ഇന്ന് അവസാനിക്കും. അവസാന നിമിഷത്തിൽ അപ്രതീക്ഷിത കരുനീക്കങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് തിരികെ വരുമെന്നാണ് സൂചന. രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് തഴഞ്ഞ് ഹർദിക്കിനെ എത്തിക്കാനൊരുങ്ങുകയാണ് മുംബൈ. ഗുജറാത്ത് വിടാനൊരുങ്ങുന്ന ഹർദിക്കിനെ സ്വന്തമാക്കാനായി മുംബൈ ഇന്ത്യൻസ് 15 കോടി മുടക്കുമെന്നാണ് റിപോർട്ടുകൾ. അങ്ങനെയെങ്കിൽ ഹർദിക് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വില്പനയുടെ ഭാഗമാകും.
ഹർദിക് ഗുജറാത്തിന്റെ മികച്ച നായകൻ
കഴിഞ്ഞ വർഷം ഐപിഎല്ലിലെ രണ്ടാം സ്ഥാനക്കാരായിരുന്നു ഹർദിക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റൻസ്. 2022ലാണ് പാണ്ഡ്യ ഗുജറാത്തിന്റെ നായകസ്ഥാനം ഏറ്റെടുത്തത്. തുടർന്ന് 2023 ൽ ഫൈനൽ വരെ ടീമിനെ എത്തിക്കുന്നതിൽ താരം വഹിച്ച പങ്ക് ചെറുതല്ല. ഗുജറാത്ത് ടൈറ്റൻസിലെ രണ്ട് സീസണുകളിൽ 30 ഇന്നിംഗ്‌സിൽ 41.65 ശരാശരിയിലും 133.49 സ്ട്രൈക്ക് റേറ്റിലും 833 റൺസും 8.1 ഇക്കോണമിയിൽ 11 വിക്കറ്റും ഹാർദിക് പാണ്ഡ്യ സ്വന്തമാക്കി. ഐപിഎൽ കരിയറിലാകെ 123 മത്സരങ്ങളിൽ 2309 റൺസും 53 വിക്കറ്റും താരത്തിന് സ്വന്തമാണ്.
ഹർദിക് പാണ്ഡ്യ മുംബൈയിലേക്ക് മടങ്ങുന്നതോടെ ഗുജറാത്തിനെ ആര് നയിക്കുമെന്നാണ് ആരാധകരുടെ ചോദ്യം. അഫ്ഗാൻ താരവും നിലവിൽ ഗുജറാത്തിന്റെ വൈസ് ക്യാപ്റ്റനുമായ റാഷിദ് ഖാൻ, ഇന്ത്യയുടെ യുവതാരം ശുഭ്മാന്‍ ഗിൽ, ന്യൂസീലന്‍ഡ് നായകൻ കെയ്ന്‍ വില്യംസണ്‍, ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ, ഓസ്‌ട്രേലിയ നായകൻ പാറ്റ് കമ്മിൻസ് എന്നിവരിൽ ഒരാൾക്കാണ് ഹർദിക്കിന്റെ നായക സ്ഥാനം ലഭിക്കാൻ സാധ്യത. ഇവരിൽ സൂപ്പർ താരം ശുഭ്മാന്‍ ഗില്ലിലേക്കാണ് ഗുജറാത്തിന്റെ നായക സ്ഥാനം വിരൽ ചൂണ്ടുന്നത്. അവസാന സീസണില്‍ ഗംഭീര പ്രകടനമാണ് ഗില്‍ ടീമിനായി കാഴ്ചവെച്ചത്.
രോഹിത്തിനെ റാഞ്ചാൻ ഒരുങ്ങി മറ്റു ടീമുകൾ
മുംബൈയെ അഞ്ചു തവണ കിരീട നേട്ടത്തിലേക്ക് നയിച്ച നായകനാണ് രോഹിത് ശർമ്മ. എന്നാൽ ഇക്കുറി മുംബൈ ഇന്ത്യൻസ് രോഹിത്തിനെ കൈവിടുമെന്ന സൂചന വന്നതോടെ താരത്തെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് മറ്റു ടീമുകൾ. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം രോഹിത് ശര്‍മയെ സ്വന്തമാക്കാന്‍ ആര്‍സിബി ശ്രമം നടത്തുന്നുണ്ടെന്നാണ് വിവരം. വിരാട് കോലി, രോഹിത് ശര്‍മ, ഫഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കരുത്തരാണ്. എന്നാൽ ഇതുവരെ കിരീടമുയർത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല. രോഹിത് മുംബൈ വിടുന്ന സാഹചര്യമുണ്ടായാല്‍ അത് വലിയൊരു കൂടുമാറ്റമായിത്തന്നെ മാറിയേക്കും. എന്നാൽ മുംബൈ ടീമിന്റെ നിർണായക നായകനായ രോഹിത്തിനെ ടീം അത്ര പെട്ടെന്ന് തഴയാനും സാധ്യതയില്ല.
ഡിമാൻഡ് താരമായി സ്റ്റാർക്ക്
ഐപിഎൽ ലേലത്തില്‍ കൂടുതല്‍ പ്രതിഫലം നേടാന്‍ സാധ്യതയുള്ള താരങ്ങളിൽ ഒരാളാണ് മിച്ചല്‍ സ്റ്റാര്‍ക്ക്. ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസറായ സ്റ്റാര്‍ക്ക് അവസാന ഐപിഎല്ലില്‍ കളിച്ചിരുന്നില്ല. എന്നാൽ ഇത്തവണ അദ്ദേഹം കളിക്കുമെന്ന് സ്റ്റാര്‍ക്ക് വ്യക്തമാക്കിയിരുന്നു. മികച്ച പേസർമാരെ ആവശ്യമായതിനാൽ തന്നെ സ്റ്റാർക്കിന്റെ ഡിമാൻഡും കൂടുന്നു. സിഎസ്‌കെ, മുംബൈ ഇന്ത്യന്‍സ്, ആര്‍സിബി, രാജസ്ഥാന്‍ റോയല്‍സ് ടീമുകളെല്ലാം സ്റ്റാര്‍ക്കില്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. സിഎസ്‌കെ നിലവിലെ ചാമ്പ്യന്മാരാണ്. എന്നാല്‍ ടീമിന്റെ പേസ് നിര അത്ര ശക്തമല്ല. അതുകൊണ്ടുതന്നെ സ്റ്റാര്‍ക്കിനെപ്പോലൊരു മികച്ച പേസറെ ടീമിന് ആവശ്യമാണ്. ആര്‍സിബിക്കായി നേരത്തെ സ്റ്റാര്‍ക്ക് കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്റ്റാര്‍ക്കിനെ തിരികെ എത്തിക്കാന്‍ ആര്‍സിബിയും ശ്രമിക്കുമെന്നുറപ്പ്.
2024 സീസണിന് മുന്നോടിയായുള്ള ഐപിഎൽ താര ലേലം ഡിസംബർ 19 ന് ദുബായിൽ വെച്ചാണ് നടക്കുക. ഇതാദ്യമായാണ് ഐപിഎൽ താരലേലം ഇന്ത്യയ്ക്കു പുറത്തു നടത്തുന്നത്. 2023 സീസണിലെ ലേലത്തിന് കൊച്ചിയാണ് വേദിയായത്. പുറത്തു വരുന്ന കണക്കുകൾ പ്രകാരം അപ്രതീക്ഷിതമായ പല കൂടുമാറ്റങ്ങൾക്കും ഇക്കുറി ഐപിഎൽ ലേലം സാക്ഷ്യം വഹിക്കുമെന്നുറപ്പ്.
Read Also: തോൽവിക്കും കണ്ണീരിനും വിട; വീണ്ടുമൊരു ഇന്ത്യ- ഓസീസ് ടി 20 പോര്, നയിക്കാൻ സൂര്യ