അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശ ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ്. ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇരു ടീമുകളും ഫൈനൽ മത്സരത്തിനിറങ്ങുന്നത്. ആരാധകരുടെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് സ്‌പിന്നര്‍ ആര്‍ അശ്വിൻ ഫൈനലിലും പുറത്തിരിക്കും.
സെമി വരെ കളിച്ച 10 മത്സരവും തോൽവിയറിയാതെ ജയിച്ചു കയറിയാണ് ഇന്ത്യ ഫൈനലിൽ എത്തി നിൽക്കുന്നത്. എന്നാൽ ഓസ്ട്രേലിയ ലീഗ് റൗണ്ടിൽ ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും തോറ്റു. പക്ഷേ അതേ ദക്ഷിണാഫ്രിക്കയെ സെമിയിൽ തകർത്താണ് ഓസിസ് ഫൈനലിലെത്തിയത്. രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മൂന്നാം കിരീടമാണ് ലക്ഷ്യം. മറുവശത്ത് കരുത്തരായ ഓസ്‌ട്രേലിയ ആറാം കിരീടം തേടിയാണ് ഇറങ്ങുന്നത്. രണ്ടു മണിക്ക് ഫൈനൽ മത്സരം ആരംഭിക്കും.
ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കൊഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്.
ടീം ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഇംഗ്ലീസ് (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ആദം സാംപ, ജോഷ് ഹേസല്‍വുഡ്.
അതേസമയം, ആരാധകരുടെ അനിയന്ത്രിതമായ ഒഴുക്കാണ് സ്റ്റേഡിയത്തിൽ അനുഭവപ്പെടുന്നത്. തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർക്ക് പരിക്കേറ്റു.