ബഹിരാകാശ ദൗത്യങ്ങളിൽ നിന്ന് മടങ്ങുന്ന പുരുഷ ബഹിരാകാശയാത്രികർക്ക് ഉദ്ധാരണക്കുറവ് പ്രശ്‌നങ്ങൾ നേരിടേണ്ടിവരുന്നതായി ശാസ്ത്രജ്ഞർ. ബഹിരാകാശയാത്രികർ ഭൂമിയിൽ തിരിച്ചെത്തിയതിനുശേഷവും ഉദ്ധാരണക്കുറവിന്റെ അപകടസാധ്യത വളരെക്കാലം തുടരുമെന്ന് പഠനം പറയുന്നു. FASEB ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ബഹിരാകാശയാത്രികർ ബഹിരാകാശത്ത് ആയിരിക്കുമ്പോൾ ഉദ്ധാരണക്കുറവിന്റെ സാധ്യത ഉണ്ടെന്ന് മാത്രമല്ല, അവർ ഭൂമിയിൽ തിരിച്ചെത്തിയതിന് ശേഷവും ഇത് വളരെക്കാലം തുടർന്നേക്കാം.
ബഹിരാകാശയാത്രികർ ബഹിരാകാശത്ത് ആയിരിക്കുമ്പോൾ ഉയർന്ന തോതിലുള്ള ഗാലക്‌സി കോസ്മിക് കിരണങ്ങൾക്ക് വിധേയരാകുന്നു. അതുപോലെ, ബഹിരാകാശത്തെ ഭാരമില്ലായ്മ, ഇതുരണ്ടും ബഹിരാകാശ യാത്രികരുടെ ഉദ്ധാരണശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. “ഗാലക്‌സിക്ക് കോസ്മിക് റേഡിയേഷന്റെ നെഗറ്റീവ് ആഘാതങ്ങൾ ദീർഘകാലം നിലനിൽക്കുമെങ്കിലും, കോശങ്ങളിലെ, റെഡോക്സ്, നൈട്രിക് ഓക്സയിഡ് രാസപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിലൂടെ, ഈ ഉദ്ധാരണക്കുറവ് ഒരു പരിധിവരെ പരിഹരിക്കാനാകും. പഠനത്തിലെ മുതിർന്ന ഉപജ്ഞാതാവും ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ന്യൂറോ വാസ്കുലർ ഡിസ്ഫംഗ്ഷനിൽ വിദഗ്ദ്ധനായ ഡോ. ജസ്റ്റിൻ ലാ ഫേവർ പറയുന്നു.
വരും വർഷങ്ങളിൽ ബഹിരാകാശത്തേക്കുള്ള കൂടുതൽ മനുഷ്യ ദൗത്യങ്ങൾ ആസൂത്രണം ചെയ്യപ്പെടുന്നതിന്റെ വെളിച്ചത്തിൽ, ഭാവിയിൽ ആഴത്തിലുള്ള ബഹിരാകാശ ദൗത്യങ്ങളിൽ നിന്ന് മടങ്ങിവരുമ്പോൾ ബഹിരാകാശയാത്രികരുടെ ലൈംഗിക ആരോഗ്യം സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് ലാ ഫേവർ പറഞ്ഞു.
നിലവിലെ ബഹിരാകാശ വാഹനങ്ങൾ GCR-നെതിരെ വളരെ പരിമിതമായ സംരക്ഷണം മാത്രമാണ് നൽകുന്നത്. അതിനാൽ ദീർഘനാളുകളിലെ ബഹിരാകാശ യാത്രകളിൽ GCR എക്സ്പോഷറിൽ നിന്ന് ബഹിരാകാശയാത്രികരെ സംരക്ഷിക്കാൻ തീർത്തും ഫലപ്രദമായ മാർഗങ്ങളില്ല,” ലാ ഫേവർ ന്യൂസ് വീക്കിനോട് പറഞ്ഞു.