ആരോഗ്യം നിലനിർത്താൻ പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ നമ്മൾ ശ്രദ്ധിക്കാറുണ്ട് . അത്തരത്തിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് മുട്ട. ദിവസവും ഒരു മുട്ട കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങൾ ഉണ്ട്. ഓർമ്മശക്തിക്കും തലച്ചോറിന്റെ വികാസത്തിനും ഇത് സഹായിക്കും. മാത്രമല്ല വിറ്റാമിൻ എ, വിറ്റാമിൻ ബി 5, ബി 12, ഫോസ്ഫറസ്, സെലിനിയം എന്നിവയും മുട്ടയിൽ ധാരാളമുണ്ട്. വിറ്റാമിൻ ഡി, ഇ, കെ എന്നിവ നൽകാൻ കഴിയുന്ന ചുരുക്കം ചില ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട എന്നതും ശ്രദ്ധേയമാണ് .ശരീരത്തിന് ആവശ്യമായ 9 അവശ്യ അമിനോ ആസിഡുകളും അടങ്ങിയ മുട്ട പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.
മുട്ട കഴിക്കുന്നതുമായി ബന്ധപ്പെട്ട് ധാരാളം തെറ്റിദ്ധാരണകളും ഉണ്ട് . അതിൽ ഒന്നാണ് വെള്ളമുട്ടയേക്കാൽ ഗുണം ബ്രൗൺ മുട്ടയ്ക്കാണെന്ന് കരുതുന്ന മണ്ടത്തരം. മുട്ടത്തോടിന്റെ നിറവും അതിന്റെ ന്യൂട്രീഷണൽ നിലവാരവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് വാസ്തവം. ഏതിനം കോഴിയുടെ മുട്ടയാണെന്ന് മാത്രമേ തോടിൽനിന്ന് മനസ്സിലാക്കാനാവൂ. പ്രമേഹക്കാർ മുട്ട കഴിക്കുന്നത് ഹൃദ്രോഗത്തിന് കാരണമാകുമെന്നാണ് മറ്റൊരു കഥ. മുട്ടയിലെ കൊളസ്‌ട്രോളാണ് ഇവരുടേയും പ്രശ്‌നം. എന്നാൽ, മിതമായ തോതിൽ മുട്ട കഴിയ്ക്കുന്നത് പ്രമേഹക്കാരിൽ ഹൃദ്രോഗമുണ്ടാക്കില്ലെന്നും പഠനങ്ങൾ പറയുന്നു.
ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന കോളിൻ എന്ന അവശ്യ പോഷകത്തിന്റെ ഏറ്റവും ഉയർന്ന അളവ് മുട്ടയിൽ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും കാഴ്ചയെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ മുട്ടയിലുണ്ട്. പ്രായമായവരിൽ കണ്ട് വരുന്ന തിമിരത്തിന്റെയും മാക്യുലർ ഡീജനറേഷന്റെയും അപകടസാധ്യത കുറയ്ക്കുന്നതിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ പ്രധാന പങ്കാണ് വഹിക്കുന്നത്.
മുട്ടയിലെ വിറ്റാമിൻ ഡി എല്ലുകളുടെ ആരോഗ്യം നിലനിർത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വിഷാദരോഗം തടയാനും സഹായിക്കും. ദിവസം ഓരോ മുട്ട കഴിക്കുന്നവരിൽ സ്ട്രോക്ക് വന്ന് മരിക്കാനുള്ള സാധ്യത അല്ലാത്തവരെ അപേക്ഷിച്ച് 30 ശതമാനം കുറവാണെന്ന് പുതിയൊരു പഠനത്തിൽ കണ്ടെത്തിയിരുന്നു.
Read Also : ഒരു നെല്ലിക്ക മതി ഗുണങ്ങൾ പലതാണ്</a>