കൊളംബോ: ഏഷ്യാ കപ്പ് ഫൈനലിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്കയെ വിറപ്പിച്ച് ഇന്ത്യ. 12 റണ്‍സെടുക്കുന്നതിനിടെ ശ്രീലങ്കയ്ക്ക് ആറു വിക്കറ്റ് നഷ്ടമായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ശ്രീലങ്കയുടെ മുന്‍നിരയ്ക്ക് ഭീഷണി സൃഷ്ടിച്ചത്. ഒരു വിക്കറ്റ് ബുംറയും നേടി. കുശാല്‍ പെരേര (0), പതും നിസ്സങ്ക (2), സദീര സമരവിക്രമ (0), ചരിത് അസലങ്ക (0), ധനഞ്ജയ ഡിസില്‍വ (4), ദാസുന്‍ ഷനക(0) എന്നിവരെയാണ് സിറാജ് എറിഞ്ഞിട്ടത്.
മഴമൂലം വൈകിയാണ് ഫൈനൽ മത്സരം ആരംഭിച്ചത്. ഒന്‍പതാം തവണയാണ് ഏഷ്യാകപ്പിന്റെ ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും നേര്‍ക്ക് നേര്‍ വരുന്നത്. അഞ്ച് തവണ ഇന്ത്യ ജയിച്ചപ്പോള്‍ മൂന്ന് തവണ ശ്രീലങ്കയും കപ്പുയർത്തി. ഏഷ്യാ കപ്പില്‍ എട്ടാം കിരീടം തേടിയാണ് രോഹിത് ശര്‍മ്മയും സംഘവുമിറങ്ങിയപ്പോൾ കഴിഞ്ഞ വർഷത്തെ കിരീടം നിലനിര്‍ത്തി ഏഴാം കിരീടം ചൂടാനാണ് ശ്രീലങ്കയുടെ പ്രയത്നം.
ഇന്ത്യ: രോഹിത് ശര്‍മ (സി), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്
ശ്രീലങ്ക: പാത്തും നിസ്സാങ്ക, കുസല്‍ പെരേര, കുശാല്‍ മെന്‍ഡിസ്(വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സില്‍വ, ദസുന്‍ ഷനക(സി), ദുനിത് വെല്ലലഗെ, ദുഷന്‍ ഹേമന്ത, പ്രമോദ് മധുഷന്‍, മതീശാ പതിരാന.