ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ ആറാം ദിവസവും തുടരുന്നു. ഗാരോൾ വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താൻ ബുധനാഴ്ച ആരംഭിച്ച ശ്രമമാണ് നടക്കുന്നത് . കനത്ത ആയുധധാരികളായ രണ്ടോ മൂന്നോ ഭീകരരാണ് ഒളിച്ചിരിക്കുന്നതെന്നാണ് വിവരം. ഭീകരരെ തുരത്താനുള്ള ശ്രമത്തിനിടെ, രണ്ടു സേനാ ഉദ്യോഗസ്ഥരും ഒരു ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥനും വീരമൃത്യു വരിച്ചിരുന്നു.
ഏഴ് മണിക്കൂർ ചെങ്കുത്തായ മലനിരകയറിയാലാണ് ഭീകരർ ഒളിച്ചിരിക്കുന്ന ഗാരോൾ വനത്തിലെ മലയിടുക്കിലുള്ള ഗുഹയ്ക്ക് സമീപമെത്താൻ സേനയ്ക്ക് സാധിക്കുക.തിനിടെ ഭീകരർ ഒളിച്ചിരിക്കുന്ന സ്ഥലത്തിന് സമീപത്തുനിന്ന് ഒരു ഭീകരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. വസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം ഭീകരന്റേതാണ് എന്ന് തിരിച്ചറിഞ്ഞത് ..
സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയവരെ വെറുതെവിടില്ലെന്ന് ജമ്മുകശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു.
സൈന്യം കനത്ത ഷെല്ലാക്രമണം നടത്തിയതോടെ ഭീകരർ ഒളിച്ചിരുന്ന വനമേഖലയിൽ തീ പടർന്നെങ്കിലും കനത്ത മഴയിൽ തീയണഞ്ഞതായാണ് റിപ്പോർട്ട്. മികച്ച പരിശീലനം ലഭിച്ച ഭീകരർ കാട്ടിലും ഉയർന്ന മേഖലയിലുമുള്ള യുദ്ധത്തിൽ വിദഗ്‌ധരാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. സൈന്യത്തോടൊപ്പം സിആർപിഎഫും കശ്‌മീർ പൊലീസും മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
കരസേനയുടെ നോർത്തേൺ കമാൻഡ് മേധാവി ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി ശനിയാഴ്ച ഏറ്റുമുട്ടൽ സ്ഥലം സന്ദർശിച്ചിരുന്നു. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യവും പൊലീസും സംയുക്തമായി ഓപ്പറേഷൻ ആരംഭിച്ചത്. ഓപ്പറേഷനിടെ കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധോനക്, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഹുമയൂൺ ബട്ട് എന്നിവരാണ് വീരമൃത്യു വരിച്ചത്. രണ്ടു സൈനികർക്ക് പരുക്കേറ്റിരുന്നു. മറ്റൊരാളെ കാണാതായെന്നും റിപ്പോർട്ടുണ്ട്.
Read Also : ലഹരിയിൽ മയങ്ങിപ്പോയ യുവത്വം