ന്യൂസ് ഡസ്ക്ക് : ഗാസയിലെ അൽ-ഷിഫ ആശുപത്രിയുടെ പ്രവർത്തനം നിലച്ചുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. യുദ്ധം ശക്തമായതിന് ശേഷം ഗാസയിൽ നില നിന്ന ഏറ്റവും വലിയ ആശുപത്രിയാണ് അൽ-ഷിഫ. കുറഞ്ഞത് 2,300 ആളുകളെങ്കിലും ഇപ്പോഴും ആശുപത്രിക്കുള്ളിൽ ഉണ്ടെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.600 നും 650 നും ഇടയിൽ കിടപ്പുരോഗികളും 200 മുതൽ 500 വരെ ആരോഗ്യ പ്രവർത്തകരും അഭയം തേടിയിരിക്കുന്ന ആശുപത്രിയ്ക്ക് നേരെ ഇസ്രയേൽ നിരന്തരം ആക്രമണം നടത്തുന്നുണ്ട്. ആശുപത്രിയുടെ അണ്ടർ ഗ്രൗണ്ടിൽ ഹമാസിന്റെ കേന്ദ്രം സ്ഥിതി ചെയ്യുന്നുണ്ടെന്നാണ് ഇസ്രയേൽ ആരോപണം. 22 ഓളം നവജാത ശിശുക്കൾ ആശുപത്രിയിൽ ഉണ്ടായിരുന്നു. രണ്ട് കുഞ്ഞുങ്ങൾ മതിയായ പരിചരണം ലഭിക്കാത്തതിനാൽ ഞായറാഴ്ച്ച രാത്രി മരിച്ചു. ബാക്കിയുള്ള 20 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ ലോകാരോഗ്യ സംഘടനയെ അറിയിച്ചു.
വൈദ്യുതി, വെള്ളം, ഭക്ഷണം, മരുന്ന് എന്നിവ ലഭിക്കാത്തതിനാൽ ആശുപത്രിയുടെ പ്രവർത്തനം നിലച്ചു. അതേ സമയം നവജാത ശിശുക്കളെ സുരക്ഷിതമായി ആശുപത്രിയിൽ നിന്ന് മാറ്റാമെന്ന് ഇസ്രയേൽ പ്രതിരോധ സേന വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷെ ഹമാസ് എതിർക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. ആശുപത്രിയ്ക്ക് പ്രവർത്തിക്കാനായി 300 ലിറ്റർ ഇന്ധനം ഇസ്രയേൽ നൽകാമെന്ന് അറിയിച്ചു. എന്നാൽ 300 ലിറ്റർ ഇന്ധനം വെറും അര മണിക്കൂർ വൈദ്യുതി മാത്രമേ നൽകുകയുള്ളുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.ഒരു ദിവസം 24,000 ലിറ്റർ ഇന്ധനമാണ് ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിന് അൽ-ഷിഫ ഉപയോഗിക്കുന്നത് എന്ന് ആശുപത്രിയുടെ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ.മർവാൻ അബു സാദ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ പ്രവർത്തനം നിറുത്താതെ മറ്റ് മാർഗങ്ങൾ ഇല്ല.
ഹമാസ് അനുകൂല കേന്ദ്രങ്ങളിൽ ബോംബിട്ട് അമേരിക്ക
സിറിയയിലെയും ഇറാഖിലെയും അമേരിക്കൻ സൈനീക താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയ ഇറാനിയൻ റവല്യൂഷണറി ഗാർഡിന്റെ കേന്ദ്രങ്ങളിൽ ബോംബിട്ട് അമേരിക്ക.
തെക്ക് കിഴക്കൻ സിറിയയിലെ രണ്ട് ഇറാനിയൻ താവളങ്ങളിൽ വ്യോമാക്രമണം നടത്തിയതായി യുഎസ് സ്ഥിരീകരിച്ചു. ഇസ്ലാമിക് ഗാർഡുകൾ കേന്ദ്രീകരിക്കുന്ന താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. സിറിയയിലെ അബു കമാൽ, മായാദിൻ നഗരങ്ങൾക്ക് സമീപമുള്ള പരിശീലന കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ട്ടം ഉണ്ടായതായി യുഎസ് അവകാശപ്പെട്ടു. കിഴക്കൻ സിറിയയിലെ മെയ്‌സുലുൻ മേഖലയിലെ ആയുധ സംഭരണ കേന്ദ്രവും തകർത്തിട്ടുണ്ട്.