ഡൽഹി: ഓരോ ദിവസം കഴിയുംതോറും വായു മലിനീകരണത്തിൽ വലയുകയാണ് രാജ്യ തലസ്ഥാനം. ഗാസിയാബാദ്, നോയിഡ, ഫരീദബാദ്, ഗുരുഗ്രാം, റവാഡി എന്നിവിടങ്ങളിലെ സ്ഥിതി രൂക്ഷം. വായു ഗുണനിലവാരം 300ന് മുകളില്‍ അതീവ ഗുരുതരമാണ്. എന്നാൽ ഡൽഹിയിലെ സ്ഥിതിയാകട്ടെ 460 ആണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര സൂചിക. ഉച്ചയായിട്ടും ശമനമില്ലാതെ പുക മഞ്ഞിൽ പലർക്കും കടുത്ത ചുമയും ശ്വാസം മുട്ടും കണ്ണുകൾക്ക് ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ട്. ഡൽഹിയിലെ നിലവിലെ സ്ഥിതി കുട്ടികളെയും പ്രായമായവരും ആസ്ത്മ രോഗികളെയും വല്ലാതെ വലയ്ക്കുന്നു.
വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡൽഹിയിലെ പ്രൈമറി സ്കൂളുകള്‍ക്ക് അവധി നീട്ടി നല്‍കിയിട്ടുണ്ട്. അടുത്ത വെള്ളിയാഴ്ച വരെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അതിഷി അറിയിച്ചു. ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറണമെന്നാണ് നിർദേശം. ദീപാവലി സമയത്തെ പടക്കങ്ങളുടെ ഉപയോഗം വായു മലിനീകരണം വർധിപ്പിക്കും. അതിനാൽ ദീപാവലി ആഘോഷങ്ങളിൽ പടക്കങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കും.
വിഷപുകയിൽ വലഞ്ഞ് ജനം
കടുത്ത ശ്വാസം മുട്ടലും ചുമയുമായി ഡൽഹിയിലെ വിവിധ ആശുപത്രികളിലെത്തുന്നവരുടെ എണ്ണം ഇരട്ടിയായെന്ന് ആണ് റിപ്പോർട്ട്. 60 വയസിനു മുകളിലുള്ളവരെയും അഞ്ച് വയസിനു താഴെയുള്ള കുട്ടികളെയുമാണ് വായു മലിനീകരണം ഏറെയും ബാധിക്കുന്നത്. ഇവർക്ക് ബ്രൊങ്കൽ ആസ്തമ, ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമിനറി പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയം, കരൾ, കിഡ്നി സംബന്ധമായ രോഗങ്ങളും അതിവേഗത്തിൽ ഉണ്ടാകാമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. മാസ്ക് ധരിച്ചു മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദേശം.
പുകമഞ്ഞ് കാരണം വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് കുറച്ചൊന്നുമല്ല. എതിർ ദിശയിൽ വരുന്ന വാഹനങ്ങൾ കാണാത്തതു മൂലമുണ്ടാകുന്ന അപകടങ്ങൾ നിരവധിയാണ്. താൽക്കാലിക പുകശമനത്തിനായി ഇപ്പോൾ റോഡിൽ ആന്റി സ്മോഗ് ഗൺ മാർഗം വെള്ളം തളിക്കുകയാണ്. വായു ഗുണനിലവാരം മെച്ചപ്പെട്ട നിലയിലേക്ക് എത്തുവാൻ സമയമെടുക്കുമെന്നാണ് അധികൃതർ പറയുന്നത്. അയൽ സംസ്ഥാനങ്ങളിൽ വയലുകൾക്ക് തീയിടുന്നതാണ് സ്ഥിതി ഇത്രയേറെ വഷളാക്കിയതെന്നും ദീപാവലി ആഘോഷങ്ങൾ കഴിയുന്നതോടെ വായു മലിനീകരണം വർധിക്കാൻ സാധ്യതയേറെയാണെന്നും സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു.
വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നഗരത്തിലെ വായു നിലവാരം നിരീക്ഷിക്കുന്നതിനും മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുന്നതിനും ഡൽഹി മുനിസിപ്പൽ കോർപറേഷൻ 517 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പൊതുസ്ഥലത്ത് മാലിന്യങ്ങൾ കത്തിക്കൽ, അനധികൃത കെട്ടിട നിർമാണം, മാലിന്യം തള്ളൽ എന്നിവ തടയലാണ് ലക്ഷ്യം. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കോർപറേഷൻ അധികൃതർ വ്യക്തമാക്കുന്നു.