ചെന്നൈ: പ്രതീക്ഷിച്ചിരുന്നത് പോലെ എ.ഐ.എ.ഡി.എം.കെ ബിജെപി മുന്നണി വിട്ടു. തമിഴ്നാട്ടിലെ ചെന്നൈയിൽ പാർട്ടി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ എൻഡിഎ മുന്നണി വിടാനുള്ള പ്രമേയം ഏകകണ്ഠമായി പാസായി. പാർട്ടി അദ്ധ്യക്ഷൻ പളനിസ്വാമി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി ജില്ലാ സെക്രട്ടറിമാർ എം.എൽ.എമാർ എന്നിവർ പങ്കെടുത്തു. തമിഴ്നാട് ബിജെപി അദ്ധ്യക്ഷനുമായുള്ള തർക്കമാണ് മുന്നണി വിടാനുള്ള കാരണം. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ അണ്ണാമല ബിജെപി അദ്ധ്യക്ഷനായത് മുതൽ എ.ഐ.എ.ഡി.എം.കെയുമായി നല്ല ബന്ധത്തിൽ അല്ല. മുന്നണി രാഷ്ട്രിയത്തിൽ പാർട്ടിയെ അണ്ണാമല അപമാനിച്ചും അവഗണിച്ചും പ്രവർത്തിക്കുന്നതായി മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയ്ക്ക് പരാതിയുണ്ട്. അത് കൊണ്ട് തന്നെ ഇരുവരും തമ്മിൽ സംസാരിക്കാറില്ല. ബിജെപി കേന്ദ്രനേതൃത്വത്തെ പരാതി അറിയിച്ചെങ്കിലും കാര്യമാക്കിയിട്ടില്ല. ഹിന്ദി ഭാഷയ്ക്ക് പ്രാധാന്യം നൽകുന്ന ബിജെപി നയവും , നീറ്റ് പരീക്ഷയിലെ തമിഴ്നാട് എതിർപ്പും എൻഡിഎ മുന്നണി വിടാൻ കാരണമായി. ബിജെപിക്കെതിരെ അതിശക്തമായ വികാരമാണ് തമിഴ് വംശിയവാദികൾക്കുള്ളത്. ഈ പശ്ചാത്തലത്തിൽ 2024ലെ തിരഞ്ഞെടുപ്പിൽ മുന്നണിയായി മത്സരിച്ചാൽ പരാജയപ്പെടുമെന്ന് എ.ഐ.എ.ഡി.എം.കെ. നേതൃത്വം കരുതുന്നു. പാർട്ടി സ്ഥാപകയും മുൻ മുഖ്യമന്ത്രിയുമായി ജയലളിതയുടെ മരണശേഷം 2019ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമായി മത്സരിച്ച് വൻ പരാജയം പളനിസ്വാമിയ്ക്കും കൂട്ടർക്കും ഏറ്റ് വാങ്ങേണ്ടി വന്നു. തമിഴ്നാട്ടിൽ ആകെയുള്ള 39 സീറ്റിൽ 38 സീറ്റും എം.കെ. സ്റ്റാലിന്റെ പാർട്ടി തൂത്ത് വാരി. ബിജെപിയുമായുള്ള അനൗക്യമാണ് പരാജയത്തിന് കാരണമെന്നാണ് എ.ഐ.എ.ഡി.എം.കെ കണ്ടെത്തൽ.
ദേശീയ തലത്തിലും എൻഡിഎയുമായി സഹകരണമില്ല. ഏകകണ്ഠമായാണു തീരുമാനമെന്നും മുന്നണിയിൽ ഏതൊക്കെ പാർട്ടികളെ ഉൾപ്പെടുത്തണമെന്നു ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു തീരുമാനിക്കുമെന്നും ഡപ്യൂട്ടി ജനറൽ സെക്രട്ടറി കെ.പി.മുനുസാമി അറിയിച്ചു.
മുൻ മുഖ്യമന്ത്രി സി.എൻ.അണ്ണാദുരൈയെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ അപമാനിച്ചുവെന്നും സെക്രട്ടറി ചൂണ്ടികാട്ടി. അതേ സമയം അണ്ണാഡിഎംകെയുടെ സഖ്യം വേണ്ടെന്നും മുൻപ് അണ്ണാമലൈ തുറന്നടിച്ചിരുന്നു. തുടർന്നു ബിജെപി ദേശീയ നേതൃത്വം ഇടപെട്ടാണ് പ്രശ്നങ്ങൾക്കു താൽക്കാലിക പരിഹാരമുണ്ടാക്കിയത്.