മുംബൈ: വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന് നടക്കാനിരിക്കെ പ്രതീക്ഷയിലാണ് മലയാളി താരങ്ങൾ. ലേലപ്പട്ടികയിൽ ഉൾപ്പെട്ട 165 താരങ്ങളിൽ കേരളത്തിൽ നിന്ന് നാല് മലയാളി താരങ്ങളാണ് ഉള്ളത്. മുൻ ക്യാപ്റ്റൻ സജന എസ്, അണ്ടർ 19 ലോകകപ്പിൽ കളിച്ച ഓൾ റൗണ്ടർ നാജില സിഎംസി, സ്പിന്നർ കീർത്തി ജെയിംസ്, ബാറ്റർ ദൃശ്യ ഐവി എന്നിവരാണ് ലേലപ്പട്ടികയിലുള്ള മലയാളി താരങ്ങൾ. നിലവിലെ ക്യാപ്റ്റനായ മലയാളി താരം മിന്നു മണിയെ 30 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയിരുന്നു.
165 താരങ്ങളിൽ നിന്ന് അഞ്ച് ടീമുകളിലായി 9 വിദേശതാരങ്ങളടക്കം 30 പേർക്കാണ് അവസരം ലഭിക്കുക. 165 താരങ്ങളില്‍ 104 പേർ ഇന്ത്യക്കാരും 61 പേർ വിദേശികളുമാണ്. വിദേശ താരങ്ങളില്‍ 15 പേർ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്‍റ്സ്, യുപി വാരിയേഴ്സ് എന്നിവയാണ് വനിതാ ഐപിഎല്ലില്‍ പങ്കെടുക്കുന്ന ടീമുകള്‍. ഇതിൽ ഡല്‍ഹി ക്യാപിറ്റല്‍സിന് 2.25 കോടി രൂപയും ഗുജറാത്ത് ജയന്‍റ്സിന് 5.95 കോടിയും മുംബൈ ഇന്ത്യന്‍സിന് 2.1 കോടിയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 3.35 കോടിയും യുപി വാരിയേഴ്സിന് 4 കോടി രൂപയുമാണ് ലേലത്തില്‍ ഇനി പരമാവധി വിനിയോഗിക്കാനാവുക.
ശ്രീലങ്കൻ ക്യാപ്റ്റനായ ചമരി അത്തപ്പട്ടുവാണ് താരലേല പട്ടികയിലെ പ്രമുഖരിൽ ഒരാൾ. കഴിഞ്ഞ എഡിഷനിൽ ഒരു ടീമും പരിഗണിക്കാത്തതിൽ ദുഃഖമുണ്ടെന്ന് താരം പ്രതികരിച്ചിരുന്നു. എന്നാൽ ഇക്കുറി വനിതാ ബിഗ് ബാഷിൽ പരമ്പരയിലെ താരമായി തകർപ്പൻ ഫോമിലാണ് ചമരി. അതുകൊണ്ട് തന്നെ താരം ഗുജറാത്തിലോ യുപിയിലോ കളിക്കാനാണ് സാധ്യത. കൂടാതെ ഇന്ത്യൻ പിച്ചിൽ മാരക പ്രകടനം കാഴ്ചവെക്കുന്ന ഇംഗ്ലണ്ട് ഓപ്പണർ ഡാനി വ്യാട്ടിയെയും കഴിഞ്ഞ തവണ ടീമിൽ എടുത്തിരുന്നില്ല. താരവും ഗുജറാത്ത് ജയന്റ്സിൽ എത്തിയേക്കും.
ഇന്ന് ഉച്ചയ്ക്ക് മൂന്നു മണി മുതൽ മുംബൈയിൽ വെച്ചാണ് ലേലം നടക്കുന്നത്. സ്പോർട്സ് 18 ചാനല്‍ വഴിയും ജിയോ സിനിമയുടെ ആപ്ലിക്കേഷനും വെബ്സൈറ്റും വഴിയും താരലേലം തത്സമയം കാണാം.