രാജ്യതലസ്ഥാനത്ത് വായുമലിനീകരണം വീണ്ടും ഗുരുതരാവസ്ഥയില്‍. നിയന്ത്രണങ്ങള്‍ ലംഘിച്ച് ദീപാവലിക്ക് വലിയ തോതില്‍ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം വീണ്ടും മോശമാകാന്‍ കാരണം. ബാവന(434), നരേല(418), രോഹിണി(417), ആർ.കെ പുരം(417), ദ്വാരകനരേല(404), ഒഖ്ലനരേല(402) തുടങ്ങിയ സ്ഥലങ്ങളിലാണ് മലിനീകരണം അതിരൂക്ഷാവസ്ഥയില്‍ നിലനില്‍ക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഡൽഹിയിൽ പലയിടങ്ങളും കനത്ത പുകമഞ്ഞ് അനുഭവപ്പെട്ടു വിവിധ പ്രദേശങ്ങളിൽ വായു ഗുണനിലവാര സൂചിക അതീവഗുരുതരാവസ്ഥയിലാണ്.
ലോകാരോഗ്യസംഘടന ശുപാര്‍ശചെയ്യുന്ന അന്തരീക്ഷത്തിലെ ഹാനികരമായ കണങ്ങളുടെ അളവിന്റെ നൂറുമടങ്ങാണ് കഴിഞ്ഞ ആഴ്ചകളിൽ ഡൽഹിയിൽ രേഖപ്പെടുത്തിയത്. ഇതിനിടെ മഴ ലഭിച്ചതോടെ ദീപാവലി ദിനത്തില്‍ വായുഗുണനിലവാര സൂചിക മെച്ചപ്പെട്ട് 218 വരെയെത്തിയിരുന്നു. എന്നാല്‍ ദീപാവലിക്ക് ആളുകള്‍ പടക്കംപൊട്ടച്ചതോടെ ഇത് വീണ്ടും ഗുരുതരാവസ്ഥയിലെത്തി. നഗരത്തിലെ ചിലയിടങ്ങളില്‍ തിങ്കളാഴ്ച രാവിലെ വായുനിലാവര സൂചിക 900 വരെ കടന്നു. ഇന്ത്യ ഗേറ്റ് മേഖലയിലും മേജര്‍ ധ്യാന്‍ ചന്ദ് നാഷണല്‍ സ്റ്റേഡിയം മേഖലയിലും വായുനിലവാര സൂചിക 999 വരെയെത്തി. ഇത് പിന്നീട് 553 ആയി കുറഞ്ഞു. നഗരത്തില്‍ മലിനീകരണതോത് ഏറ്റവും കൂടിയ പ്രദേശങ്ങളിലൊന്നായ ആനന്ദ് വിഹാറില്‍ വായുനിലവാര സൂചിക 849 വരെയെത്തി.
0 മുതൽ 50 വരെയുള്ള വായു ഗുണനിലവാര സൂചിക നല്ലതായി കണക്കാക്കപ്പെടുന്നു. 51 മുതൽ 100 വരെയുള്ള വായു ഗുണനിലവാര സൂചികയും ന്യായമാണ്. 101 മുതൽ 200 വരെയുള്ള മൂല്യം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് മിതമായ മലിനീകരണമായി കണക്കാക്കുന്നു. 201 നും 300 നും ഇടയിലുള്ള മലിനീകരണം മോശം അവസ്ഥയെ സൂചിപ്പിക്കുന്നു, 301 നും 401 നും ഇടയിൽ വളരെ മോശമായ അവസ്ഥയെ സൂചിപ്പിക്കുന്നു. 400 കവിഞ്ഞാൽ മലിനീകരണം ഗുരുതരവും 450 കവിഞ്ഞാൽ മലിനീകരണം വളരെ ഗുരുതരവുമാണ്.