ന്യൂഡൽഹി : മണിപ്പൂർ കലാപം അതിരൂക്ഷമായ കാലത്ത് പോലും നടപടി എടുക്കാത്തതിന് പഴി കേട്ടവരാണ് ആഭ്യന്തരമന്ത്രാലയം. മണിപ്പൂരിന്റെ അയൽ സംസ്ഥാനമായ മിസോറാമിൽ ഇത്തവണ നിയമസഭാ ഭരണം ബിജെപി പ്രതീക്ഷിക്കുന്നു. എന്നിട്ട് പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയില്ല. സംസ്ഥാനത്ത് പരസ്യപ്രചാരണം അവസാനിച്ച അഞ്ചാം തിയതി ഒരു പൊതുറാലിയെ വീഡിയോ കോൺഫറൻസിലൂടെ മാത്രമാണ് മോദി അഭിസംബോധന ചെയ്തത്. ഗോത്രവിഭാഗങ്ങൾ തമ്മിൽ ചേരി തിരിഞ്ഞ് നടത്തിയ കലാപം മേഖലയിൽ മതവിഭാജനത്തിനും ഇടയാക്കിയിട്ടുണ്ടെന്നാണ് തിരഞ്ഞെടുപ്പ് വിദഗദ്ധർ ചൂണ്ടികാട്ടുന്നത്. ഇത് ബിജെപിയ്ക്ക് അനുകൂലമാക്കാനാണ് കലാപത്തിനെതിരെ കേന്ദ്രം നടപടി എടുക്കാത്തതെന്നും ആരോപണം ഉയർന്നിരുന്നു. അതെല്ലാം പാർട്ടി തള്ളി കളയുന്നു. എന്തായാലും എഴാം തിയതി മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ നടപടി ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം. മെയ്തേയ് വിഭാഗത്തിന്റെ സംഘടനായ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ), അതിന്റെ രാഷ്ട്രീയ വിഭാഗമായ റെവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട് (ആർപിഎഫ്), യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്), അതിന്റെ സായുധ വിഭാഗമായ മണിപ്പൂർ പീപ്പിൾസ് ആർമി എന്നിവയെ അഞ്ച് വർഷത്തേയ്ക്ക് ആഭ്യന്തര മന്ത്രാലയം നിരോധിച്ചു.മണിപ്പൂരിൽ സുരക്ഷാ സേനകൾക്കും പോലീസുകാർക്കും സാധാരണക്കാർക്കും നേരെ ഈ സംഘടനകൾ ആക്രമണം നടത്തുന്നതായി നിരോധന ഉത്തരവിൽ പറയുന്നു.യുഎപിഎ ചട്ട പ്രകാരമാണ് നടപടി.
“സായുധ പോരാട്ടത്തിലൂടെ മണിപ്പൂരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുകയും അത്തരം വിഘടനത്തിന് മണിപ്പൂരിലെ തദ്ദേശീയരെ പ്രേരിപ്പിക്കുകയും ചെയ്യുക” എന്നതാണ് ഈ സംഘടനകളുടെ ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തുന്നു.
‘ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക’, വിദേശ സ്രോതസ്സുകളുമായി ബന്ധപ്പെടുക” അവരുടെ വിഘടനവാദ ലക്ഷ്യം കൈവരിക്കുന്നതിനായി ആയുധ പരിശീലനം നേടുക”അയൽ രാജ്യങ്ങളിൽ ആക്രമണ കേന്ദ്രങ്ങൾ തുറക്കുക തുടങ്ങിയ ആരോപണങ്ങളും മെയ്തേയ് വിഭാഗങ്ങൾക്കെതിരെ ആഭ്യന്തരമന്ത്രാലയം ചൂണ്ടികാട്ടുന്നു.
മെയ് 3 മുതന് ആരംഭിച്ച മണിപ്പൂർ കലാപത്തിൽ ഇത് വരെ 178 പേർ കൊല്ലപ്പെടുകയും 50,000 പേർ പലായനം ചെയ്യുകയും ചെയ്തു.