സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ വൈറലാകണമെന്നില്ല. എന്നാൽ മലയാളികളുടെ മഹാ നടൻ മമ്മൂക്കയുടെ പോസ്റ്റുകളെല്ലാം വൈറലാണ്. മകനും നടനുമായ ദുൽഖർ സൽമാന്റെ കഴിഞ്ഞ പിറന്നാൾ ദിനത്തിൽ മമ്മൂട്ടി പങ്കുവച്ച ചിത്രം നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. വീടിന് മുന്നിൽ പച്ച ഷർട്ട് ധരിച്ചുകൊണ്ട് പങ്കുവെച്ച ചിത്രത്തിന് പരിസ്ഥിതി സംരക്ഷണ ദിനാശംസകൾ എന്നായിരുന്നു മമ്മൂട്ടിയുടെ അടികുറിപ്പ്. എന്നാൽ അതൊരു അബദ്ധ പോസ്റ്റ് ആയിരുന്നു എന്നാണ് മമ്മൂട്ടി പറയുന്നത്. ദുൽഖറിന്റെ പിറന്നാളാണെന്ന് അറിയാതെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തതെന്ന് നടൻ പറഞ്ഞു. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കണ്ണൂർ സ്ക്വാഡി’ന്റെ അഭിമുഖത്തിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘‘അത് ആക്സിഡന്റ്ലി ഇട്ട പോസ്റ്റാണ്. അവന്റെ പിറന്നാളാണെന്ന ഓർമ്മയില്ല. രാവിലെയാണ് ആ ചിത്രം പോസ്റ്റ് ചെയ്തതാണ്. ആളുകൾക്ക് ട്രോൾ ചെയ്യാം അതിൽ കുഴപ്പമൊന്നുമില്ല. ട്രോൾ എപ്പോഴും മോഡേൺ കാർട്ടൂണുകളാണ്. ഇപ്പോഴാരും കാർട്ടൂൺ വരയ്ക്കാറില്ല.” മമ്മൂട്ടി പറഞ്ഞു. പോസ്റ്റിനു താഴെ നിരവധിപേരാണ് കമന്റുകളുമായി എത്തിയത്. ‘മകന്റെ പിറന്നാൾ ദിനത്തിലും ശ്രദ്ധ മുഴുവൻ വാപ്പ കൊണ്ടുപോവുകയാണല്ലോ’ എന്നായിരുന്നു കൂടുതലും ആരാധകർ ചോദിച്ചത്. സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ കണ്ടിട്ട് ‘മകന്റെ പിറന്നാൾ വിളിക്കാൻ വന്നതായിരിക്കും’, ‘ഏതാ ഈ ചുള്ളൻ? ദുൽഖറിന്റെ അനിയനോ’, ‘മകന്റെ പിറന്നാൾ പോസ്റ്റിനു പകരം പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിച്ച മമ്മൂക്കയാണ് എന്റെ ഹീറോ’ തുടങ്ങി നിരവധി രസകരമായ കമന്റുകളും ഉണ്ടായിരുന്നു.
നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. ബസൂക്കയുടെ തിരക്കഥയും ഡിനോ തന്നെയാണ് ഒരുക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്. ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു. അതേസമയം, നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്‌ക്വാഡ് സൂപ്പർ ഹിറ്റായി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
Read Also: കലാഭവൻ മണിയുടെ ഗാനരചയിതാവ് അന്തരിച്ചു.