കൊല്ലം : ഇട്ടിവ ചാണപ്പാറയിൽ സൈനികന്റെ മുതുകിൽ പി.എഫ്.ഐ. എന്നെഴുതിയ സംഭവത്തിൽ മിലിറ്ററി ഇന്റലിജൻസും പോലീസും അന്വേഷണം തുടങ്ങി. സൈനീകനായ ഷൈനുമായി പോലീസ് അക്രമം നടന്ന പ്രദേശത്ത് എത്തി തെളിവെടുത്തു. മണിക്കൂറുകളോളം തെളിവെടുപ്പ് നീണ്ടു. രാജസ്ഥാനിൽ ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ വിഭാഗത്തിൽ ഹവിൽദാറായ ഷൈൻ റിപ്പോർട്ട് ചെയ്തത് പ്രകാരം മിലിറ്ററി ഇന്റലിജൻസും സ്ഥലത്ത് അന്വേഷണം നടത്തുന്നു.ഒരുമാസംമുമ്പ് അവധിക്ക് നാട്ടിലെത്തിയ ഷൈൻ തിങ്കളാഴ്ച മടങ്ങാനിരിക്കെ ഞായറാഴ്ച രാത്രി 12-നാണ് സംഭവം നടന്നതായി പറയുന്നത്.
മുക്കടയിലുള്ള സുഹൃത്തിന്റെ വീട്ടിൽ പോയതിനുശേഷം ബൈക്കിൽ മടങ്ങവേ മുക്കട സ്കൂളിനും ചാണപ്പാറയ്ക്കും ഇടയ്ക്കുള്ള റബ്ബർ തോട്ടത്തിനു സമീപംവെച്ച് മൂന്നുപേർ കൈകാണിച്ചു നിർത്തിയെന്നാണ് ഷൈൻ നൽകിയ പരാതിയിൽ പറയുന്നത്. പരിക്കേറ്റുകിടക്കുന്ന ഒരാളെ ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കാമോ എന്നാണ് ചോദിച്ചത്. തുടർന്ന് തോട്ടത്തിനുള്ളിലേയ്ക്ക് കൊണ്ട് പോയി. അവിടെ മൂന്നുപേർ കാത്തു നിൽപ്പുണ്ടായിരുന്നു.ഇവരുൾപ്പെടെ ആറുപേർചേർന്ന് മർദിച്ചു. വായിലും കൈകളിലും ടേപ്പ് ഒട്ടിച്ചശേഷം ടീ ഷർട്ട് വലിച്ചുകീറി പച്ച പെയിൻറുകൊണ്ട് പി.എഫ്.ഐ. എന്ന് എഴുതുകയായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
ഷൈൻ ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സതേടി. കൊട്ടാരക്കര ഡിവൈ.എസ്.പി. ജി.ഡി.വിജയകുമാർ, കടയ്ക്കൽ എസ്.എച്ച്.ഒ. രാജേഷ്, ചിതറ എസ്.എച്ച്.ഒ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഫൊറൻസിക്, ഫിംഗർ പ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി. പാങ്ങോട്ടുനിന്ന് മിലിറ്ററി ഇന്റലിജൻസ് ഉദ്യോഗസ്ഥരും ഷൈനിനെ ചോദ്യംചെയ്തുവരികയാണ്. എന്നാൽ സംഭവസ്ഥലത്തുനിന്ന് പോലീസിന് കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് അറിയുന്നത്.
Read Also:കൊല്ലത്ത് ജവാന് നേരെ പോപ്പുലർ ഫ്രണ്ട് ആക്രമണമെന്ന് പരാതി