ഇസ്രായേൽ-ഹമാസ് യുദ്ധം ഇപ്പോൾ 45-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഒക്‌ടോബർ 7 ന് ഫലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസ് ഇസ്രായേലിനെ ആക്രമിക്കുകയും 1,200 ഓളം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും 200 ലധികം ആളുകളെ ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടുപോകുകയും ചെയ്തതിനു പിന്നാലെ ഗാസ മുനമ്പിൽ തുടർച്ചയായി ബോംബാക്രമണം നടത്തി ഇസ്രായേൽ തിരിച്ചടിക്കുകയും 13,000-ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും ചെയ്യ്തു.
ഗാസ സിറ്റിയിലെ യുദ്ധത്തിൽ തകർന്ന അൽ-ഷിഫ ആശുപത്രിയിൽ നിന്ന് മാസം തികയാത്ത 31 കുഞ്ഞുങ്ങളെ പലസ്തീൻ ഡോക്ടർമാർ ഞായറാഴ്ച ഒഴിപ്പിച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ അപ്‌ഡേറ്റിൽ, ശിശുക്കളെ ഇപ്പോൾ തെക്കൻ ഗാസയിലെ അൽ-ഹെലാൽ അൽ-ഇമറാത്തി മെറ്റേണിറ്റി ഹോസ്പിറ്റലിൽ ആണ് പരിചരിക്കുന്നത്.
“നിർഭാഗ്യവശാൽ, ശിശുക്കളിൽ ആരും കുടുംബാംഗങ്ങൾക്കൊപ്പം ഉണ്ടായിരുന്നില്ല, കാരണം ആരോഗ്യ മന്ത്രാലയത്തിന് പരിമിതമായ വിവരങ്ങൾ മാത്രമേയുള്ളൂ, മാത്രമല്ല നിലവിൽ അടുത്ത കുടുംബാംഗങ്ങളെ കണ്ടെത്താൻ കഴിയുന്നില്ല,” യുഎൻ ഏജൻസി പറഞ്ഞു. എല്ലാ കുഞ്ഞുങ്ങളും ഗുരുതരമായ അണുബാധയ്‌ക്കെതിരെ പോരാടുകയാണെന്നും 11 പേരുടെ നില ഗുരുതരമാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഒഴിപ്പിക്കൽ നടക്കുന്നതിന് മുമ്പുള്ള രാത്രിയും പകലും രണ്ട് കുഞ്ഞുങ്ങൾ മരിച്ചതായി യുഎൻ ഏജൻസി കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച രാവിലെ 31 ഓസ്‌ട്രേലിയക്കാർ കൂടി ഗാസയിൽ നിന്ന് റാഫ വഴി ഈജിപ്തിലേക്ക് പുറപ്പെട്ടതായി രാജ്യത്തിന്റെ ദേശീയ ബ്രോഡ്കാസ്റ്റർ റിപ്പോർട്ട് ചെയ്തു.ഇതുവരെ, ഓസ്‌ട്രേലിയൻ പൗരന്മാരും സ്ഥിര താമസക്കാരും കുടുംബാംഗങ്ങളും ഉൾപ്പെടെ മൊത്തം 62 പേരെ ഗാസ വിടാൻ ഓസ്‌ട്രേലിയൻ ഉദ്യോഗസ്ഥർ സഹായിച്ചതായി എബിസി റിപ്പോർട്ട് ചെയ്തു.
ഗാസയിൽ തുടരുന്ന 130 ഓളം ആളുകളെ അവിടെ നിന്നും പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങൾ കാൻബെറ തുടരുമെന്ന് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.