യൂട്യൂബിന്റെ കിടിലൻ പാരന്‍റൽ കണ്‍ട്രോള്‍ ഫീച്ചർ വരുന്നു
യൂട്യൂബ് ഷോർട്‌സ് പോലുള്ള ചുരുങ്ങിയ വീഡിയോകൾ മണിക്കൂറുകളോളം കാണുന്ന പ്രവണത കുട്ടികളിലും കൗമാരക്കാരിലും വർധിച്ചിരിക്കുകയാണ്.
ഈ പശ്ചാത്തലത്തിലാണ് കുട്ടികളുടെ ഓൺലൈൻ സുരക്ഷയും സമയനിയന്ത്രണവും ഉറപ്പാക്കുന്നതിനായി യൂട്യൂബ് പുതിയ പാരന്റൽ കൺട്രോൾ സംവിധാനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
കുട്ടികളും കൗമാരക്കാരും പ്ലാറ്റ്‌ഫോം സുരക്ഷിതമായി ഉപയോഗിക്കണമെന്ന ലക്ഷ്യത്തോടെ മാതാപിതാക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്ന നിരവധി മാറ്റങ്ങളാണ് യൂട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്.
യൂട്യൂബിന്റെ കിടിലൻ പാരന്‍റൽ കണ്‍ട്രോള്‍ ഫീച്ചർ വരുന്നു
ഇതോടെ കുട്ടികൾ എത്ര സമയം യൂട്യൂബ് ഷോർട്‌സ് വീഡിയോകൾ കാണണം എന്നത് നേരിട്ട് രക്ഷിതാക്കൾക്ക് തീരുമാനിക്കാൻ കഴിയും.
കുട്ടികളുടെ ഡിജിറ്റൽ ശീലങ്ങൾ നിയന്ത്രിക്കാനുള്ള ശക്തമായ ഉപകരണങ്ങളാണ് ഈ അപ്‌ഡേറ്റിലൂടെ ലഭ്യമാകുന്നത്.
പുതിയ സംവിധാനമനുസരിച്ച് മാതാപിതാക്കൾക്ക് കുട്ടികളുടെ ഷോർട്‌സ് കാണുന്ന സമയം കൃത്യമായി ക്രമീകരിക്കാനാകും.
ടൈമർ പൂജ്യമായി സജ്ജീകരിച്ചാൽ ഷോർട്‌സ് വീഡിയോകൾ പൂർണ്ണമായും ഓഫ് ചെയ്യാനും സാധിക്കും. അതേസമയം 30 മിനിറ്റ്, 60 മിനിറ്റ് എന്നിങ്ങനെ പ്രതിദിന സമയപരിധി നിശ്ചയിക്കാനുള്ള സൗകര്യവും ലഭ്യമാണ്.
ഉറക്കസമയം, പഠന ഇടവേളകൾ എന്നിവ ഓർമ്മിപ്പിക്കുന്ന റിമൈൻഡറുകളും ഈ സംവിധാനത്തിലൂടെ സജ്ജീകരിക്കാം.
കൗമാരക്കാരെ ലക്ഷ്യമിട്ട് പ്രായാനുസൃതവും വിദ്യാഭ്യാസപരവുമായ ഉള്ളടക്കം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി യൂട്യൂബ് അൽഗോരിതത്തിൽ പുതിയ അപ്‌ഡേറ്റുകളും വരുത്തിയിട്ടുണ്ട്.
ക്രാഷ് കോഴ്‌സ് പോലുള്ള വിദ്യാഭ്യാസ ചാനലുകൾ, ശാസ്ത്രം, ചരിത്രം, ജീവിതനൈപുണ്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോകൾ കൂടുതൽ പ്രാധാന്യത്തോടെ നിർദേശിക്കുമെന്ന് കമ്പനി അറിയിച്ചു.
കുടുംബങ്ങൾക്ക് അക്കൗണ്ട് മാനേജ്മെന്റ് ലളിതമാക്കുന്നതിന്റെ ഭാഗമായി പുതിയ സൈൻ-അപ്പ് സംവിധാനവും അവതരിപ്പിച്ചു.
ഇതിലൂടെ മാതാപിതാക്കൾക്ക് എളുപ്പത്തിൽ കുട്ടികളുടെ അക്കൗണ്ടുകൾ സൃഷ്‌ടിക്കാനും നിയന്ത്രിക്കാനും കഴിയും.
മൊബൈൽ ആപ്പിൽ കുറച്ച് ടാപ്പുകൾ കൊണ്ട് കുട്ടികളുടെ അക്കൗണ്ട്, കൗമാരക്കാരുടെ അക്കൗണ്ട്, രക്ഷിതാക്കളുടെ അക്കൗണ്ട് എന്നിവയ്ക്കിടയിൽ മാറാനും സാധിക്കും.
ഏത് കുട്ടി എപ്പോൾ യൂട്യൂബ് ഉപയോഗിക്കുന്നു എന്നതിന്റെ വ്യക്തമായ വിവരങ്ങളും മാതാപിതാക്കൾക്ക് ലഭ്യമാകും.
“കുട്ടികളെ ഡിജിറ്റൽ ലോകത്തിൽ നിന്ന് പൂർണ്ണമായും അകറ്റുന്നതിന് പകരം, അവർ സുരക്ഷിതമായി അതുപയോഗിക്കാൻ പഠിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്,” യൂട്യൂബിന്റെ പ്രൊഡക്റ്റ് മാനേജ്മെന്റ് വൈസ് പ്രസിഡൻറ് ജെന്നിഫർ ഫ്ലാനറി ഒകോണർ വ്യക്തമാക്കി.
ഈ പുതിയ പാരന്റൽ കൺട്രോൾ ഫീച്ചറുകൾ കുട്ടികൾക്ക് സുരക്ഷിതമായ ഓൺലൈൻ അനുഭവം ഉറപ്പാക്കുന്നതിനും, രക്ഷിതാക്കൾക്ക് ആത്മവിശ്വാസത്തോടെ നിയന്ത്രണം കൈകാര്യം ചെയ്യുന്നതിനും സഹായകരമാകുമെന്ന് യൂട്യൂബ് അറിയിച്ചു.









