ഇംഫാല്‍: മണിപ്പൂരില്‍ രണ്ട് കുക്കി യുവതികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. യുവതികളെ കൂട്ടബലാത്സംഗം ചെയ്യുകയും നഗ്‌നരാക്കി നടത്തുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇതേ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ക്രൂരമായ കൊലപാതക വാര്‍ത്ത പുറത്തുവരുന്നത്. ഇംഫാലിലെ ജോലി സ്ഥലത്ത് നിന്ന് വലിച്ചിറക്കി തട്ടിക്കൊണ്ടുപോയാണ് ഇരുവരെയും കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരു സംഘം കലാപകാരികള്‍ ആണ് യുവതികള്‍ക്ക് നേരെ ക്രൂരമായ അക്രമം നടത്തിയത്. സംഘത്തില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ യുവതികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ പുരുഷന്മാരെ പ്രേരിപ്പിച്ചിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. മെയ് നാലിന് ആണ് കൂട്ടബലാത്സംഗത്തിനിരയായി ഇരുവരും കൊല്ലപ്പെട്ടത്. ഇതേ ദിവസം തന്നെയാണ് ഗോത്ര വിഭാഗത്തില്‍ പെട്ട രണ്ട് യുവതികളെ ബലാത്സംഗം ചെയ്യുകയും നഗ്‌നരാക്കി നടത്തുകയും ചെയ്തത്. കൊലപാതകത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
മെയ് 16നാണ് കൊലപാതകത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 21 ഉം 24 ഉം വയസ്സുള്ള യുവതികളാണ് സൈകുള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അതിക്രൂരമായി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട യുവതിയുടെ അമ്മ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.