തൃപ്പൂണിത്തുറ കായലിൽ യുവാവ് മരിച്ചനിലയിൽ; സുഹൃത്ത് പിടിയിൽ

കൊച്ചി: തൃപ്പൂണിത്തുറ എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി. എരൂർ പെരീക്കാട് തമ്പി എന്ന് വിളിക്കുന്ന സനൽ (43) ആണ് മരിച്ചത്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സുഹൃത്തുക്കളായ രണ്ടുപേർക്കൊപ്പം ഇന്നലെ രാത്രി സനൽ മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ വാക്ക് തർക്കം ഉണ്ടായിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സുഹൃത്തുക്കളിൽ ഒരാളെ ഇതിനോടകം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു സുഹൃത്തിനായി അന്വേഷണം തുടരുകയാണ്. മരണകാരണം ഇനിയും വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.