സിഡ്‌നി: വനിത ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് നെതര്‍ലാന്‍ഡ്‌സ് ക്വാര്‍ട്ടറില്‍. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു നെതര്‍ലാന്‍ഡ്‌സിന്റെ ജയം. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ തന്നെ നെതര്‍ലാന്‍ഡ് മുന്നിലെത്തി. ജില്‍ റൂര്‍ഡിന്റെ ഹെഡറാണ് നെതര്‍ലാന്‍ഡ്‌സിനെ മുന്നിലെത്തിച്ചത്. ടൂര്‍ണ്ണമെന്റിലെ ജില്ലിന്റെ നാലാം ഗോളാണിത്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളാണ് നെതര്‍ലാന്‍ഡ്‌സ്.
പന്ത് നിയന്ത്രിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പരാജയപ്പെട്ടതോടെ നെതര്‍ലാന്‍ഡ്‌സ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 29-ാം മിനിറ്റില്‍ ഡച്ച് പട മറ്റൊരു അവസരം സൃഷ്ടിച്ചെങ്കിലും ഗോളായില്ല. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ദക്ഷിണാഫ്രിക്ക തുടര്‍ച്ചയായി രണ്ട് അവസരങ്ങള്‍ സൃഷ്ടിച്ചു. ആദ്യ പകുതിയുടെ 72 ശതമാനം പന്തിന്റെ നിയന്ത്രണം നെതര്‍ലാന്‍ഡ്‌സിനായിരുന്നു.
രണ്ടാം പകുതിയിലും പന്ത് കൈവശം വെയ്ക്കുന്നതിന് നെതര്‍ലാന്‍ഡ്‌സ് പ്രത്യേകം ശ്രദ്ധിച്ചു. 54-ാം മിനിറ്റില്‍ നെതര്‍ലാന്‍ഡ്‌സ് വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായി. പിന്നാലെ 68-ാം മിനിറ്റില്‍ നെതര്‍ലാന്‍ഡ്‌സ് ലീഡ് ഉയര്‍ത്തി. ലീനെത്ത് ബീരന്‍സ്റ്റെയിനായിരുന്നു വലകുലുക്കിയത്. നെതര്‍ലാന്‍ഡ്‌സിന് ഒപ്പമെത്താന്‍ ദക്ഷിണാഫ്രിക്ക ശ്രമിച്ചെങ്കിലും ഗോളുകള്‍ നേടാനായില്ല. ലോകകപ്പിലെ അടുത്ത മത്സരം അമേരിക്കയും സ്വീഡനും തമ്മിലാണ്. അമേരിക്ക വിജയിച്ചാല്‍ നിലവിലത്തെ ചാമ്പ്യന്മാരും റണ്ണര്‍ അപ്പുകളും ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും.