കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍, മെഡിക്കല്‍ ബോര്‍ഡിനെതിരെ പ്രതിഷേധിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തതില്‍ രൂക്ഷ പ്രതികരണവുമായി ഹര്‍ഷിന. ആരോഗ്യവകുപ്പിനെയും ആരോഗ്യ മന്ത്രിയെയും വിശ്വസിച്ചതാണ് തങ്ങള്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് എന്ന് ഹര്‍ഷിന പ്രതികരിച്ചു. ആരോഗ്യമന്ത്രി നേരിട്ടെത്തി ഈ പ്രശ്‌നത്തിന് പരിഹാരം കാണാതെ വീട്ടില്‍ പോകില്ലെന്നും ഹര്‍ഷിന വ്യക്തമാക്കി.
മെഡിക്കല്‍ ബോര്‍ഡിനെതിരെയ പ്രതിഷേധിച്ച ഹര്‍ഷിന, ഭര്‍ത്താവ് അഷറഫ്, സമരസമിതി നേതാവ് എന്നിവരടക്കം 12 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
”ഇതുവരെ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സമരത്തിലേക്കും നമ്മള്‍ പോയിട്ടില്ല. നീതി കിട്ടുമെന്ന പ്രതീക്ഷ കൊണ്ടായിരുന്നു അത്. ആരോഗ്യ വകുപ്പിനെയും ആരോഗ്യ മന്ത്രിയെയും വിശ്വസിച്ചതാണ് ഏറ്റവും വലിയ തെറ്റ്. ആ തെറ്റിനാണ് എന്നെ ഇപ്പോള്‍ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത്. ആരോഗ്യമന്ത്രി നേരിട്ടു വന്ന് ഒരു തീരുമാനമാക്കാതെ ഞാന്‍ വീട്ടില്‍ പോകുന്ന പ്രശ്‌നമില്ല.’ – ഹര്‍ഷിന പറഞ്ഞു.
”ഞാന്‍ ഒരുപാടു വേദന അനുഭവിച്ചു. ഞാന്‍ ഇപ്പോഴും സഹിക്കുകയാണ്. എനിക്കൊപ്പമുള്ളവരും സഹിക്കുകയാണ്. എന്നിട്ട് ഇപ്പോഴും ഇരയായ ഞാനും എനിക്കൊപ്പമുള്ളവരുമാണ് കുറ്റക്കാര്‍. ഇവിടെ എവിടെയാണ് നീതി? എവിടെയാണ് നിയമം? കൊട്ടാരത്തില്‍ വാഴുന്നവര്‍ക്കു മാത്രമേ ഇവിടെ നീതിയുള്ളൂ. നിയമങ്ങളെല്ലാം ഇവിടെ പൊതുജനങ്ങള്‍ക്കും നീതി മറ്റുള്ളവര്‍ക്കുമാണ്.’
”കുറ്റക്കാരെ കൊണ്ടുപോകേണ്ട പൊലീസ് ജീപ്പ്, ഇതിന്റെ സര്‍വ ഭവിഷ്യത്തും അനുഭവിച്ച, ഇനിയും മരണം വരെ അനുഭവിക്കേണ്ട എന്നെ കൊണ്ടുപോകാനാണ് വന്നിരിക്കുന്നത്. ഇതിനൊരു പരിഹാരം കാണാതെ, മറുപടി പറയാതെ ഈ സര്‍ക്കാരിനും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും മുന്നോട്ടു പോകാനാകില്ല. മറുപടി പറയിച്ചിട്ടേ ഞാന്‍ പോകൂ. ഞാന്‍ അനുഭവിച്ച വിഷമം ചെറുതല്ല. ഇനി ഞങ്ങള്‍ക്ക് ക്ഷമിക്കാനാകില്ല. ഇതിന് എത്രയും പെട്ടെന്ന് ഒരു തീരുമാനമാക്കിത്തരണം.’ – ഹര്‍ഷിന പറഞ്ഞു.
2017 നവംബര്‍ 30ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ ആര്‍ട്ടറിഫോര്‍സെപ്‌സ് കുടുങ്ങിയതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. 2017 ജനുവരി 27ന് തലവേദനയെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ എംആര്‍ഐ സ്‌കാനിങ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിഗമനം. അന്നത്തെ സ്‌കാനിങ് പരിശോധനയില്‍ കണ്ടെത്താതിരുന്ന ലോഹവസ്തുവാണ് 5 വര്‍ഷത്തിനുശേഷം ഹര്‍ഷിനയുടെ വയറ്റില്‍നിന്ന് കണ്ടെത്തിയത്.
എന്നാല്‍ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളജില്‍നിന്നാണെന്ന് എംആര്‍ഐ റിപ്പോര്‍ട്ട് പ്രകാരം മാത്രം തീരുമാനിക്കാന്‍ പറ്റില്ലെന്ന നിലപാടാണ് മെഡിക്കല്‍ ബോര്‍ഡിലെ ഭൂരിഭാഗം ഡോക്ടര്‍മാരും സ്വീകരിച്ചത്. ബോര്‍ഡ് അംഗമായ റേഡിയോളജിസ്റ്റിന്റെ ഈ നിലപാടിനെ മറ്റുള്ളവരും അനുകൂലിക്കുകയായിരുന്നു.