തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ കയ്യിലുള്ള രേഖകളുമായി ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഫേസ്ബുക്ക് കുറിപ്പിലാണ് കുഴല്‍നാടന്‍ ഇക്കാര്യം അറിയിച്ചത്. ‘സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിടുമെന്ന് അവകാശപ്പെട്ട രേഖകള്‍ രണ്ടുദിവസമായിട്ടും വെളിച്ചം കാണാത്ത നിലയ്ക്ക് എന്റെ കയ്യിലുള്ള രേഖകളുമായി ഇന്ന് മാധ്യമങ്ങളെ കാണും’ – എന്നാണ് മാത്യു കുഴല്‍നാടന്‍ കുറിച്ചിരിക്കുന്നത്.
വീണ വിജയന്‍ കരിമണല്‍ കമ്പനിയില്‍ നിന്ന് വാങ്ങിയ പണത്തിന് ആനുപാതികമായി ഐജിഎസ്ടി അടച്ചിട്ടില്ലെന്ന ആരോപണത്തിലുറച്ച് നില്‍ക്കുകയാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. അതേസമയം, ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോയെന്ന എകെ ബാലന്റെ വെല്ലുവിളി അദ്ദേഹം തള്ളിയിരുന്നു. എകെ ബാലന്‍ മുതിര്‍ന്ന നേതാവാണ്. ഞാന്‍ ചെറിയ ആളാണ്. പൊതു പ്രവര്‍ത്തനം അവസാനിക്കാന്‍ പറയുന്നത് കടന്ന കൈയാണ്. വീണ ഐജിഎസ്ടി അടച്ചിട്ടില്ല എന്നാണ് ഉത്തമ ബോധ്യം. അടച്ചെന്ന് തെളിഞ്ഞാല്‍ മാപ്പ് പറയുമെന്നും ആയിരുന്നു മാത്യു പറഞ്ഞത്.
വീണ ഐജിഎസ്ടി അടച്ചിട്ടില്ല എന്ന് തെളിഞ്ഞാല്‍ ബാലന്‍ എന്ത് ചെയ്യും. കണക്ക് പുറത്തു വിടാന്‍ വെല്ലുവിളിക്കുന്നു. സിപിഎം സെക്രട്ടറിയേറ്റ് ഇടപാട് സുതാര്യമാണെന്ന് പറയുന്നു. ആ ഡേറ്റില്‍ ഉള്ള ഇന്‍വോയ്‌സ് പുറത്തു വിടണം. കര്‍ത്തയുടെ കമ്പനിയില്‍ നിന്ന് വാങ്ങിയ പണത്തിന് ഐജിഎസ്ടി അടച്ചതിന്റെ രേഖകള്‍ പുറത്ത് വിടണം. മറിച്ചാണെങ്കില്‍ മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങി എന്ന് സിപിഎം സമ്മതിക്കുമോയെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചിരുന്നു.