തിരുവനന്തപുരം: സംസ്ഥാനത്തെ കായിക മേഖലയുടെ വികസനത്തിന് ക്യൂബയുമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യൂബന്‍ സന്ദര്‍ശന വേളയിലാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ കായികമേഖലയുടെ വളര്‍ച്ചയ്ക്ക് അന്താരാഷ്ട്ര കായികരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള ക്യൂബയുടെ സഹായസഹകരണങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി. ക്യൂബയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിക്രിയേഷന്റെ വൈസ് പ്രസിഡണ്ട് റൗള്‍ ഫോര്‍ണെസ് വലെന്‍സ്യാനോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണത്തിന് ധാരണയായത്.
വോളിബോള്‍, ജൂഡോ, ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനങ്ങള്‍ എന്നിവയില്‍ കേരളത്തിലെ കായികതാരങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ ക്യൂബയില്‍ നിന്നുള്ള പരിശീലകരെ കൊണ്ടുവരുന്നതിനാവശ്യമായ തീരുമാനങ്ങള്‍ എത്രയും പെട്ടെന്ന് കൈക്കൊള്ളാന്‍ ധാരണയായി. കേരളവും ക്യൂബയും തമ്മില്‍ ഓണ്‍ലൈന്‍ ചെസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകളും ആരാഞ്ഞു. ക്യൂബയിലേയ്ക്ക് കേരളത്തിലെ കായികതാരങ്ങളെ പരിശീലനങ്ങള്‍ക്കായി അയയ്ക്കുന്നതിലുള്ള താല്‍പര്യവും അറിയിച്ചു.
കേരളത്തിന്റെയും ക്യൂബയുടേയും കായികമേഖലകളുടെ വികാസത്തിനായി സഹകരിക്കാനുള്ള ക്യൂബയുടെ സന്നദ്ധത റൗള്‍ ഫോര്‍ണെസ് വലെന്‍സ്യാനോ അറിയിച്ചു. എക്‌സേഞ്ച് പ്രോഗ്രാമുകളുടെ സാധ്യതയും അദ്ദേഹം ചര്‍ച്ച ചെയ്‌തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ക്യൂബയിലെത്തിയിരുന്നു. ഹവാനയിലെ ജോസ് മാര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുഖ്യമന്ത്രിക്കും സംഘത്തിനും സ്വീകരണം നല്‍കി. ഹവാന ഡെപ്യൂട്ടി ഗവര്‍ണര്‍, ക്യൂബയിലെ ഇന്ത്യന്‍ അംബാസിഡര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇന്നും നാളെയും ഹവാനയിലെ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. വിവിധ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.
ജോസ് മാര്‍ട്ടി ദേശീയ സ്മാരകമടക്കം ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിക്കും. മന്ത്രിമാരായ കെ എല്‍ ബാലഗോപാല്‍, വീണ ജോര്‍ജ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി പി ജോയ്, സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ക്യൂബയിലെ ഇന്ത്യന്‍ അംബാസിഡര്‍ എസ് ജാനകി രാമന്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്.