ന്യൂഡല്‍ഹി: പഞ്ചാബിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും സംഭവിച്ചതാണ് ജമ്മു കശ്മീരിലും സംഭവിക്കുന്നതെന്ന് സുപ്രീം കോടതി. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന അനുച്ഛേദം 370 റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
” ഒരു സംസ്ഥാനം വിഭജിക്കുന്നത് എങ്ങനെ ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പാക്കാനാകും. ജമ്മു കശ്മീരിനെ വിഭജിച്ചതെന്താണ് പാര്‍ലമെന്റില്‍ തീര്‍പ്പാക്കാത്തത്. പാര്‍ലമെന്റിന് ഒരു ഇന്ത്യന്‍ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നതിനുള്ള അധികാരമുണ്ടോ?”- ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചോദിച്ചു.
ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള ഹര്‍ജികള്‍ 12ാമത്ത ദിവസമാണ് തുടര്‍ച്ചയായി സുപ്രീം കോടതി പരിഗണിക്കുന്നത്. പല സംസ്ഥാനങ്ങളും മറ്റു രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നുണ്ടെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ നിരീക്ഷിച്ചു.
”ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയാല്‍ എങ്ങനെ അധികാരം ദുര്‍വിനിയോഗിക്കില്ലെന്ന് ഉറപ്പാക്കാനാകും. ഇത് ഒറ്റപ്പെട്ട സാഹചര്യമല്ല. പഞ്ചാബ് കടുത്ത സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയത്. സമാനമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രശ്‌നങ്ങളുണ്ടായിരുന്നു. നാളെ ഈ സംസ്ഥാനങ്ങളിലും പ്രശ്‌നങ്ങളുണ്ടായാല്‍ എന്തു ചെയ്യും?” – ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ പറഞ്ഞു.
എല്ലാ അയല്‍രാജ്യങ്ങളും ഇന്ത്യയുമായി സൗഹാര്‍ദ്ദത്തിലല്ലെന്നും ചരിത്രവും നിലവിലത്തെ സാഹചര്യവും കണക്കിലെടുത്ത് ജമ്മു കശ്മീരിനെ മുഖ്യധാരയിലേക്കെത്തിക്കേണ്ടതുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
ജമ്മു കശ്മീരിന് എപ്പോള്‍ സംസ്ഥാനപദവി മടക്കി നല്‍കാനുമെന്ന് ആരാഞ്ഞ സുപ്രീം കോടതി, ഇതിനുള്ള സമയപരിധി വ്യക്തമാക്കണമെന്നു ആവശ്യപ്പെട്ടിരുന്നു.
ഭരണഘടനയിലെ 370-ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്നതും ജമ്മു കശ്മീര്‍, ലഡാക്ക് മേഖലകളിലെ സ്ഥിര താമസക്കാര്‍ക്ക് 35 എ വകുപ്പ് പ്രകാരം പ്രത്യേക അവകാശം നല്‍കുന്നതും റദ്ദാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ തീരുമാനിച്ചത് 2019 ഓഗസ്റ്റ് അഞ്ചിനാണ്. ഒക്ടോബര്‍ 31ന് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ പുതിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ രൂപീകരിച്ചു. ജമ്മു കശ്മീരില്‍ അധികാര പദവി ഗവര്‍ണറില്‍നിന്ന് ലഫ്. ഗവര്‍ണറിലേക്കു മാറി. ലഡാക്ക് കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിലായി. കേന്ദ്ര നടപടിക്കെതിരെ 21 ഹര്‍ജികളാണ് സുപ്രീംകോടതിക്കു മുന്നിലുള്ളത്. കേന്ദ്ര തീരുമാനം ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണെന്നാണ് ഹര്‍ജികളില്‍ പറയുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍.ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.