ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമുകളെ പ്രഖ്യാപിച്ചതിനു പിന്നാലെ ചര്‍ച്ചകളും വിശകലനങ്ങളും സജീവമാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിലെ തോല്‍വിക്കു പിന്നാലെ വന്‍ അഴിച്ചുപണികള്‍ വരാനിരിക്കുന്നുവെന്ന സൂചന നല്‍കിയാണ് ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചത്. അതുകൊണ്ടു തന്നെ ഇതു സംബന്ധിച്ച വിലയിരുത്തലുകളും കൂടുതലാണ്. ടീം തിരഞ്ഞെടുപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും താരങ്ങളും മുന്‍ താരങ്ങളും അടക്കമുള്ളവര്‍ രംഗത്തെത്തി.
യശസ്വി ജയ്‌സ്വാളിനെ ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റര്‍ അഭിനവ് മുകുന്ദ്. കളിക്കാരെ തിരഞ്ഞെടുക്കുന്ന സെലക്ഷന്‍ കമ്മിറ്റിയുടെ രീതിക്കെതിരെയാണ് അഭിനവ് മുകുന്ദ് പ്രതികരണം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനേക്കാള്‍ ഐപിഎല്‍ പ്രകടനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയതിന് സെലക്ടര്‍മാരെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
”ഈ തിരഞ്ഞെടുപ്പു രീതി മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഒരു ട്വീറ്റിലേക്ക് ഒതുക്കുന്നതില്‍ കൂടുതല്‍ സംശയങ്ങള്‍ എന്റെ തലയിലുണ്ട്. എന്നാല്‍ ഒരു യുവ കളിക്കാരന് ഇനി തന്റെ സംസ്ഥാനത്തിന് വേണ്ടി കളിക്കുന്നതില്‍ അഭിമാനിക്കാന്‍ എന്താണ് പ്രചോദനം? തീര്‍ച്ചയായും ഗ്രേഡ് ഉയര്‍ത്താന്‍ ഫ്രാഞ്ചൈസി റൂട്ടാണ് എളുപ്പ മാര്‍ഗം.” – അഭിനവ് മുകുന്ദ് ട്വീറ്റ് ചെയ്തു. ഇന്ത്യയ്ക്കായി ഏഴു ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരമാണ് അഭിനവ് മുകുന്ദ്.
ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സര്‍ഫറാസ് ഖാന്‍, അഭിമന്യു ഈശ്വര്‍ തുടങ്ങിയ ആഭ്യന്തര താരങ്ങളെ ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് അഭിനവിന്റെ പ്രതികരണം. ഐപിഎലിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ശസ്വി ജയ്‌സ്വാളിനും ഋതുരാജ് ഗെയ്ക്വാദിനും അവസരം നല്‍കാന്‍ സിലക്ടര്‍മാര്‍ തീരുമാനിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നവരാണെങ്കിലും ഐപിഎലില്‍ ട്വന്റി20 ഫോര്‍മാറ്റില്‍ തിളങ്ങിയവരെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നാണ് പലരുടെയും അഭിപ്രായം.
രഞ്ജി ട്രോഫിയില്‍ കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സര്‍ഫറാസ് ഖാനെ ടെസ്റ്റ് ടീമില്‍നിന്ന് ഒഴിവാക്കിയതിനെതിരെ മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയും രംഗത്തെത്തി. സര്‍ഫറാസിനെ തുടര്‍ച്ചയായി അവഗണിക്കുന്നതിനുള്ള കാരണം വ്യക്തമാക്കണമെന്നും അഭ്യന്തര മത്സരങ്ങളിലെ പ്രകടനവുമായി അതിനു ബന്ധമില്ലെങ്കില്‍ അതു പരസ്യമായി പറയാന്‍ ബിസിസിഐ തയാറാകണമെന്നും ആകാശ് ചോപ്ര പറഞ്ഞു.
‘സര്‍ഫറാസ് ഇനി എന്തു ചെയ്യണം? കഴിഞ്ഞ 3 വര്‍ഷത്തെ പ്രകടനം നോക്കിയാല്‍, എല്ലാവരേക്കള്‍ മുന്നിലാണ് അവന്‍. എല്ലായിടത്തും അവന്‍ സ്‌കോര്‍ ചെയ്തു. എന്നിട്ടും ടീമിലെടുത്തില്ലെങ്കില്‍ അത് എന്തു സന്ദേശമാണ് നല്‍കുന്നത്?” തന്റെ യൂട്യൂബ് ചാനലിലൂടെ ആകാശ് ചോപ്ര ചോദിച്ചു.
”ഇത് ചോദിക്കേണ്ട ഒരു ചോദ്യമാണ്. എനിക്കും നിങ്ങള്‍ക്കും അറിയാത്ത മറ്റെന്തെങ്കിലും കാരണമുണ്ടെങ്കില്‍ അത് പരസ്യമാക്കൂ. സര്‍ഫറാസിന്റെ ഒരു കാര്യം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതു പറയുക, അതുകൊണ്ടാണ് ടീമിലെടുക്കാത്തതെന്നും പറയുക. പക്ഷേ ഞങ്ങള്‍ക്ക് അങ്ങനെ ഒരു കാര്യവും അറിയില്ല. സര്‍ഫറാസിനോടും അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെന്നും തോന്നുന്നില്ല. നിങ്ങള്‍ ഫസ്റ്റ് ക്ലാസ് റണ്‍സിനു മൂല്യം നല്‍കുന്നില്ലെങ്കില്‍, അതു ശരിയല്ല.”- മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞു.