കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ വീട് സന്ദര്‍ശിച്ച് സ്പീക്കര്‍ എഎന്‍ ഷംസീര്‍. കേരളത്തെ ഞെട്ടിപ്പിച്ച സംഭവമാണ് ആലുവയില്‍ നടന്നതെന്നും പിഞ്ചുകുട്ടിക്കെതിരെ നടന്ന കൊലപാതകം അങ്ങേയറ്റം അപലപനീയമാണെന്നും സന്ദര്‍ശന ശേഷം സ്പീക്കര്‍ പ്രതികരിച്ചു.
സാക്ഷര കേരളത്തിന് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ല ആലുവയിലെ സംഭവം. കുട്ടിയുടെ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് തന്നെയാണ് കുട്ടിയുടെ രക്ഷിതാക്കളും ആഗ്രഹിക്കുന്നത് എന്നും ഷംസീര്‍ പറഞ്ഞു.
കേസില്‍ പ്രതി അസ്ഫാക്കിനെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് സംഭവം പുനരാവിഷ്‌കരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആലുവ മാര്‍ക്കറ്റിന് പിന്നിലെ കുറ്റിക്കാട്ടിലെ മണല്‍ തിട്ടയില്‍ പ്രതിയെ ഇന്ന് എത്തിച്ചേക്കും. പ്രതി താമസിച്ച വീട്ടിലും തെളിവെടുപ്പ് നടത്തും. കുട്ടിയുമായി ബസില്‍ കയറിയ ഗ്യാരേജ് ബസ് സ്റ്റോപ്പിലും തെളിവെടുപ്പ് ഉണ്ടാകും. കസ്റ്റഡി കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ള സാഹചര്യത്തില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.