ന്യൂഡല്‍ഹി: ബാഡ്മിന്റണിലെ എല്ലാ മെഡലുകളും വന്ന് നിറയുന്ന ഒരു മുറി തനിക്ക് വേണം. ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ചിരാഗ് ഷെട്ടി. ബാഡ്മിന്റണില്‍ സമീപകാലത്തെ ഇന്ത്യയുടെ ഭാഗ്യജോഡികളാണ് സ്വാതിക് സായിരാജ് റങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യം. കഴിഞ്ഞ വര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ സഖ്യം ഇക്കൊല്ലം ഇന്തോനേഷ്യന്‍ ഓപ്പണ്‍, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, സ്വിസ് ഓപ്പണ്‍, കൊറിയ ഓപ്പണ്‍ എന്നീ കിരീടങ്ങളും സ്വന്തമാക്കി. തുടര്‍ന്നാണ് ബാഡ്മിന്റണിലെ തന്റെ അഭിനിവേശം തുറന്ന് പറഞ്ഞ് ചിരാഗ് ഷെട്ടി രംഗത്തെത്തിയിരിക്കുന്നത്.
ഒളിംപിക്‌സ് മെഡല്‍ ഉള്‍പ്പടെ സ്വന്തമാക്കാന്‍ തനിക്കും സ്വാതിക്കിനും കഴിയും. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലും ടൂര്‍ണമെന്റ് ഏതായാലും വിജയം നേടുകയാണ് ലക്ഷ്യം. വിജയമാണ് തന്റെയും സ്വാതിക്കിന്റെയും ലക്ഷ്യം. ഏവിടെ ആയാലും ഏറ്റവും മികച്ച രീതിയില്‍ കളിക്കും. അടുത്ത ആഴ്ച ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങാനിരിക്കെയാണ് ചിരാഗ് ഷെട്ടിയുടെ പ്രതികരണം.
കഴിഞ്ഞ വര്‍ഷം നടന്നിരുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വാതിക് – ചിരാഗ് സഖ്യം വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു. മറ്റൊരു ലോക ചാമ്പ്യന്‍ഷിപ്പ് നടക്കാനിരിക്കെ ലോക രണ്ടാം നമ്പര്‍ ജോഡിയായി ഇന്ത്യന്‍ സംഘം മാറിക്കഴിഞ്ഞു. കോര്‍ട്ടില്‍ പുലര്‍ത്തിയ സ്ഥിരതയാണ് ഇരുവരുടെയും വിജയത്തില്‍ നിര്‍ണായകമായത്. സ്വാതിക് കോര്‍ട്ടിന് പിന്നിലും ചിരാഗ് നെറ്റ്‌സിലും കളിച്ചു. അടുത്ത വര്‍ഷം നടക്കുന്ന പാരിസ് ഒളിംപിക്‌സിലടക്കം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് സ്വാതിക് – ചിരാഗ് സഖ്യം.