കോഴിക്കോട്: ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയ കാലത്ത് അദ്ദേഹത്തിന്റെ കുടുംബവും മക്കളും അനുഭവിച്ച കഷ്ടതകള്‍ക്ക് നഷ്ടപരിഹാരം ആരു നല്‍കുമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള. ഉമ്മന്‍ചാണ്ടിക്ക് ജനമനസ്സുകളില്‍ സ്വീകാര്യത എങ്ങനെ ഉണ്ടായെന്നതു പഠനവിഷയമാണ്. മുഖ്യമന്ത്രിമാരോ രാഷ്ട്രീയക്കാരോ അല്ല, സാധാരണക്കാരായ ജനങ്ങളാണ് പരമാധികാരികള്‍.
ജനങ്ങളാണ് എന്നും വലുതെന്നത് ഒരു രാഷ്ട്രീയക്കാരനും മറക്കാന്‍ പാടില്ല. ഒരാളെ കുത്തിക്കൊല്ലുന്നതിനേക്കാള്‍ ക്രൂരമാണ് വ്യക്തിഹത്യ നടത്തുകയെന്നത്. വ്യക്തിഹത്യ നടത്തുമ്പോള്‍ ഒരാളെ മാത്രമല്ല അതു ബാധിക്കുന്നത്. അയാളുടെ കുടുംബത്തെയും വരുംതലമുറകളെയുമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
മണിപ്പൂരില്‍ ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെടുത്തരുത്. മണിപ്പൂരില്‍ ഗോത്രവര്‍ഗങ്ങള്‍ തമ്മിലുള്ള കലാപമാണു നടക്കുന്നതെന്ന് രാജ്യത്തിന്റെ മറ്റെല്ലായിടത്തുമുള്ളവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ വര്‍ഗീയ കലാപമാണു നടക്കുന്നതെന്ന തെറ്റിദ്ധാരണ കേരളത്തിലെ ഓരോ കുടുംബത്തിലുമെത്തിച്ചതായി മനസ്സിലാവുന്നുണ്ട്. രണ്ടു ഗോത്രവിഭാഗത്തിലും ക്രൈസ്തവരുണ്ടെന്ന് തിരിച്ചറിഞ്ഞ് കേരളത്തിലെ അഭിവന്ദ്യ പിതാവ് അക്കാര്യം തുറന്നുപറയുകയും ചെയ്തിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. നീന ബാലന്‍ ട്രസ്റ്റിന്റെ നീന ബാലന്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.