ന്യൂഡല്‍ഹി: ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയുടെ വനിതാ റോബട് വ്യോമമിത്രയെ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി ജിതേന്ദ്രസിങ്. ഒക്ടോബറില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള യാത്ര നടത്തും. തുടര്‍ന്ന് വ്യോമമിത്രയെ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
”മഹാമാരി കാരണം ഗഗന്‍യാന്‍ പദ്ധതി വൈകി. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യയാത്ര ഒക്ടോബര്‍ ആദ്യം നടത്താന്‍ ആസൂത്രണം ചെയ്യുകയാണ്. ബഹിരാകാശ യാത്രികരെ അങ്ങോട്ട് അയയ്ക്കുന്നതു പോലെ തന്നെ അവരെ തിരികെ കൊണ്ടുവരുന്നതും ഏറെ പ്രധാനമാണ്. പിന്നീട് വനിതാ റോബോര്‍ട്ടിനെ അയക്കും. മനുഷ്യരുടെ പ്രവര്‍ത്തനങ്ങളെല്ലാം ഈ റോബട് നടത്തും. ഈ പരീക്ഷണം വിജയകരമാണെങ്കില്‍ പദ്ധതിയുമായി നമുക്ക് മുന്നോട്ടു പോകാം.”- അദ്ദേഹം വ്യക്തമാക്കി.
ചന്ദ്രയാന്‍-3 യുടെ വിജയത്തില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അദ്ദേഹം അഭിനന്ദിച്ചു. ”ഈ വിജയത്തിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൂര്‍ണ പിന്തുണയാണ്. ബഹിരാകാശ മേഖലയുടെ വലിയ അവസരങ്ങള്‍ അദ്ദേഹം തുറന്നു നല്‍കി. 2019 വരെ ശ്രീഹരിക്കോട്ടയുടെ ഗേറ്റ് അടഞ്ഞാണ് കിടന്നിരുന്നത്. ഇത്തവണ സ്‌കൂള്‍ വിദ്യാര്‍ഥികളെയും മാധ്യമങ്ങളെയും അവിടേക്കു ക്ഷണിച്ചു. ഇത്തവണ അത് ജനങ്ങളുടെ കൈകളിലായിരുന്നു. ബഹിരാകാശ മേഖലയ്ക്കായുള്ള ഫണ്ടും വര്‍ധിപ്പിച്ചു.”- കേന്ദ്രമന്ത്രി വ്യക്തമാക്കി.