ന്യൂഡല്‍ഹി: മണിപ്പൂരില്‍ നടന്ന അക്രമസംഭവങ്ങളെ ന്യായീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന കേന്ദ്രത്തിന്റെ ആവശ്യം പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ബംഗാളിലെയും രാജസ്ഥാനിലെയും ചത്തീസ്ഗഢിലെയും അക്രമങ്ങളെക്കുറിച്ച് വാദത്തിനിടയില്‍ പരാമര്‍ശിച്ച കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകനോട് മണിപ്പൂരിലേത് വര്‍ഗീയ കലഹമാണെന്ന് സുപ്രീം കോടതി പറഞ്ഞു. മണിപ്പൂരിലെ അക്രമസംഭവഭങ്ങളുടെ ഒരു വിവരവും സര്‍ക്കാരിന്റെ കൈവശമില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. ബലാത്സംഗത്തിനിരയായ സ്ത്രീകള്‍ക്ക് വേണ്ടി സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ എല്ലാ ഭാഗങ്ങളിലും നടക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അത്‌കൊണ്ട് മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങള്‍ ക്ഷമിക്കാനാവില്ല. മണിപ്പൂരിനെ നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് ചോദ്യം. ഇന്ത്യയിലെ എല്ലാ പെണ്‍മക്കളെയും സംരക്ഷിക്കുക എന്നാണോ അതോ ആരെയും സംരക്ഷിക്കരുത് എന്നാണോ എന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചോദിച്ചു. ആറ് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നാളെ തന്നെ അറിയിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുന്നതിനോട് എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആറായിരത്തോളം വരുന്ന എഫ്ഐആറുകളില്‍ എത്രയെണ്ണം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുണ്ടെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. കേസ് സിബിഐക്ക് വിടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ കപില്‍ സിബല്‍ എതിര്‍ത്തു. കേസ് അസമിലേക്ക് മാറ്റണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ഥനയെയും യുവതികള്‍ എതിര്‍ത്തിരുന്നു.