ബംഗളൂരു: ചന്ദ്രോപരിതലത്തില്‍ വീണ്ടും സോഫ്റ്റ് ലാന്‍ഡ് ചെയ്ത് ചന്ദ്രയാന്‍- 3ന്റെ വിക്രം ലാന്‍ഡര്‍. ‘ഹോപ്പ്’ പരീക്ഷണത്തിന്റെ ഭാഗമായി ആയിരുന്നു ലാന്‍ഡറിനെ ഐഎസ്ആര്‍ഒ വീണ്ടും ലാന്‍ഡ് ചെയ്യിപ്പിച്ചത്. 40 സെന്റീമീറ്റര്‍ ഉയര്‍ത്തിയ ശേഷമായിരുന്നു 30- 40 സെന്റീമീറ്റര്‍ മാറി വീണ്ടും ലാന്‍ഡ് ചെയ്തത്. ലാന്‍ഡറിനെ വീണ്ടും ഉപരിതലത്തില്‍ നിന്ന് ഉയര്‍ത്താനാകുന്നത് മനുഷ്യരുള്‍പ്പെട്ട യാത്രയില്‍ നിര്‍ണായകമാണെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു. പേടകം മികച്ച നിലയില്‍ പ്രവര്‍ത്തിച്ചെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു ചന്ദ്രയാന്‍-3 വിക്ഷേപിച്ചത്. വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും ഉള്‍പ്പെടുന്ന ചന്ദ്രയാന്‍ -3 ന്റെ ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രോപരിതലത്തില്‍ സ്പര്‍ശിച്ചത് ഓഗസ്റ്റ് 23നാണ്. ഇതോടെ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയിരുന്നു. സള്‍ഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതുള്‍പ്പെടെ നിരവധി കണ്ടെത്തലുകള്‍ ദൗത്യത്തിലൂടെ ഐഎസ്ആര്‍ഒ നടത്തി.
14 ദിവസത്തിന് ശേഷം റോവറും ലാന്‍ഡറും ഇന്നലെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ദീര്‍ഘനിദ്രയിലേക്ക് പോകുന്നതിന് മുന്‍പാണ് ഹോപ് പരീക്ഷണം നടന്നത്. ഒരു ചാന്ദ്രദിവസം അവസാനിച്ചതിന് പിന്നാലെ സൂര്യപ്രകാശം മാറി ഇരുട്ട് പരന്നതിനാലാണ് പ്രവര്‍ത്തനം നിലച്ച് ദീര്‍ഘനിദ്രയിലേക്ക് പോയത്. 14 ദിവസത്തിന് ശേഷം വീണ്ടും ഇവ പ്രവര്‍ത്തിച്ചു തുടങ്ങുമോ എന്നതാണ് ലോകം ഉറ്റു നോക്കുന്നത്. കൊടും തണുപ്പിനെ അതിജീവിക്കാന്‍ യന്ത്രങ്ങള്‍ക്ക് കഴിയില്ലെന്ന കണക്കുകൂട്ടലില്‍ പേലോഡുകള്‍ ഉപയോഗിച്ചുള്ള പഠനങ്ങളൊക്കെ ഐഎസ്ആര്‍ഒ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.