തൃശൂര്‍: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റു മരിച്ച ഹൗസ് സര്‍ജന്‍ വന്ദന ദാസിന് ആരോഗ്യ സര്‍വകലാശാല മരണാനന്തര ബഹുമതിയായി എംബിബിഎസ് നല്‍കി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കയ്യില്‍ നിന്നും ബിരുദ സര്‍ട്ടിഫിക്കറ്റ് മാതാപിതാക്കള്‍ ഏറ്റുവാങ്ങി. വികാരനിര്‍ഭരമായിരുന്ന ചടങ്ങ്. ബിരുദ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങവേ വിതുമ്പികരഞ്ഞ വന്ദനയുടെ അമ്മ വസന്തകുമാരിയെ ഗവര്‍ണര്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. എംബിബിഎസ് പഠനത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നതിനിടെയാണ് മേയ് 10നു പുലര്‍ച്ചെ വന്ദന കുത്തേറ്റു മരിച്ചത്.
അതേസമയം വന്ദന ദാസ് കൊലക്കേസില്‍ പ്രതി ജി. സന്ദീപിന് തൂക്കുകയര്‍ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമര്‍പ്പിച്ചു. പരമാവധി തെളിവുകള്‍ ശേഖരിച്ച് 83 ദിവസം നീണ്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം. പതിനൊന്നു വകുപ്പുകളിലുള്ള കുറ്റങ്ങളാണ് സന്ദീപിന് എതിരെയുള്ളത്.
കൊലപാതകം (302), കൊലപാതകശ്രമം (307), തെളിവു നശിപ്പിക്കല്‍ (201), കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍ (506-2), ആയുധം ഉപയോഗിച്ചുള്ള ആക്രമണം (324), അന്യായ തടസ്സം സൃഷ്ടിക്കല്‍ (341), ആക്രമിച്ച് പരുക്കേല്‍പിക്കല്‍ (323), ഔദ്യോഗിക ജോലി തടസ്സപ്പെടുത്തല്‍ (332),(333), പൊതു സേവകരെ ആക്രമിക്കല്‍ (353) എന്നിവയ്ക്ക് പുറമേ മെഡിക്കല്‍ സര്‍വീസ് സംരക്ഷണ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സംഭവ ദിവസം പുലര്‍ച്ചെ നാലര മുതല്‍ അര മണിക്കൂറോളം സന്ദീപ് ആശുപത്രിയില്‍ നടത്തിയ ആക്രമണങ്ങളുടെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളാണ് തെളിവുകളില്‍ പ്രധാനമായി റിപ്പോര്‍ട്ടിലുള്ളത്.